ഇനി ചർച്ച വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

0

വാഷിങ്ടൻ∙ കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പു സംവാദത്തിനു ശേഷം അഭിപ്രായ സർവേകൾ കമല ഹാരിസിന്റെ പ്രകടനത്തെ പുകഴ്ത്തിയതോടെ, ഇനിയൊരു സംവാദത്തിനില്ലെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ കമലയുടെ നുണകളും എബിസി ചാനൽ മോഡറേറ്റർമാരുടെ പക്ഷപാതവും ജനം തിരിച്ചറിഞ്ഞെന്നു പറഞ്ഞാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് സംവാദത്തിൽ നിന്ന് ഒഴിവായത്.

നവംബർ 5നാണു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പെങ്കിലും തപാൽ വോട്ടും മുൻകൂർ വോട്ടും പല സംസ്ഥാനങ്ങളിലും തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇനിയൊരു സംവാദത്തിനു പ്രസക്തിയില്ലെന്നാണ് ട്രംപിന്റെ അഭിപ്രായം. എന്നാൽ, ഒരു സംവാദം കൂടി നടത്തേണ്ടത് വോട്ടർമാരോടുള്ള ഉത്തരവാദിത്തമാണെന്ന് നോർത്ത് കാരലൈനയിലെ പ്രചാരണപരിപാടിയിൽ കമല പ്രതികരിച്ചു.

സംവാദത്തിലെ പ്രകടനം പ്രശംസ നേടിയതിനു പിന്നാലെ കമലയുടെ പ്രചാരണസംഘം 24 മണിക്കൂറിനിടെ 4.7 കോടി ഡോളർ സമാഹരിച്ചതും ശ്രദ്ധേയമായി.

ഇതിനിടെ, അരിസോനയിലെ പ്രചാരണപരിപാടിയിൽ ട്രംപ് കൂടുതൽ നികുതിയിളവുകൾ‍ വാഗ്ദാനം ചെയ്തു. ഓവർ‍ടൈം ജോലിയിലെ വരുമാനത്തിന് നികുതിയിളവു നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. റസ്റ്ററന്റ് ജീവനക്കാർക്കും ടാക്സി ഡ്രൈവർമാർക്കും ഉൾപ്പെടെ കിട്ടുന്ന ടിപ്പിന് നികുതിയൊഴിവാക്കുമെന്ന് പ്രചാരണത്തുടക്കത്തിൽത്തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഏറ്റവും പുതിയ റോയിട്ടേഴ്സ്– ഇപ്സോസ് സർവേയിൽ കമലയ്ക്ക് ട്രംപിനെക്കാൾ 5 പോയിന്റിന്റെ ലീഡുണ്ട്. കമലയ്ക്ക് 47% ജനപിന്തുണയും ട്രംപിന് 42% പിന്തുണയുമാണുള്ളത്.

ക്രിപ്റ്റോകറൻസി കമ്പനിയുമായി ട്രംപിന്റെ മക്കൾ

വാഷിങ്ടൻ ∙ ട്രംപിന്റെ മക്കളായ ഡോണൾ‍ഡ് ജൂനിയറും എറിക്കും മേധാവികളായുള്ള ക്രിപ്റ്റോകറൻസി കമ്പനിയുടെ ഉദ്ഘാടനം തിങ്കളാഴ്ച. ക്രിപ്റ്റോകറൻസിയെപ്പറ്റി എക്സിൽ ട്രംപിന്റെ പ്രസംഗത്തിനൊപ്പമാണ് ‘വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ’ കമ്പനിയുടെ ഉദ്ഘാടനം. സമയം മിനക്കെടുത്തുന്നതും കാലഹരണപ്പെട്ടതുമായ വൻകിടബാങ്കുകളെ വിട്ട് ക്രിപ്റ്റോയിലൂടെ ഭാവിയെ സ്വന്തമാക്കാൻ ട്രംപ് ആഹ്വാനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *