2000 രൂപയിൽ കൂടുതലുള്ള UPI ഇടപാടുകൾക്ക് GST ഇല്ല

ന്യൂഡൽഹി : 2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്ത തള്ളി ധനമന്ത്രാലയം. വാർത്ത പൂർണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിൽ സർക്കാരിന് അത്തരമൊരു ഉദ്ദേശ്യമില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
ചില പ്ലാറ്റ് ഫോ മുകൾ ഉപയോഗിച്ച് നടത്തുന്ന പേമെന്‍റുകളുമായി ബന്ധപ്പെട്ട മർച്ചന്‍റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) പോലുള്ള ചാർജുകൾക്ക് ജിഎസ്ടി ചുമത്തുന്നു. 2020 ജനുവരി മുതൽ പ്രാബല്യത്തിൽ വന്ന, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി), 2019 ഡിസംബർ 30 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേഴ്‌സൺ-ടു-മർച്ചന്‍റ് (പി2എം) യുപിഐ ഇടപാടുകളിൽ മർച്ചന്‍റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) നീക്കം ചെയ്തിട്ടുണ്ട്. യുപിഐ ഇടപാടുകൾക്ക് നിലവിൽ എംഡിആർ ഈടാക്കാത്തതിനാൽ, ഈ ഇടപാടുകൾക്ക് ജിഎസ്ടി ബാധകമല്ല.
യുപിഐ വഴിയുള്ള ഡിജിറ്റൽ പേമെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രാലയം അറിയിച്ചു. യുപിഐയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും നിലനിർത്തുന്നതിനുമായി, 2021-22 മുതൽ ഒരു പ്രോത്സാഹന പദ്ധതി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. കുറഞ്ഞ മൂല്യമുള്ള യുപിഐ (P2M) ഇടപാടുകളെയാണ് ഈ പദ്ധതി പ്രത്യേകമായി ലക്ഷ്യമിടുന്നത്. ഇടപാട് ചെലവുകൾ കുറയ്ക്കുന്നതിലൂടെയും ഡിജിറ്റൽ പേമെന്‍റുകളിൽ കൂടുതൽ പങ്കാളിത്തവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചെറുകിട വ്യാപാരികൾക്ക് പ്രയോജനം ലഭിക്കും.
വർഷങ്ങളായി ഈ പദ്ധതിക്ക് കീഴിലുള്ള ആകെ പേഔട്ടുകൾ, യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേമെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്‍റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. 2021-22 സാമ്പത്തിക വർഷം 1,389 കോടി രൂപ, 2022-23 സാമ്പത്തിക വർഷം 2,210 കോടി രൂപ, 2023-24 സാമ്പത്തിക വർഷം 3,631 കോടി രൂപ, ഈ പദ്ധതിക്ക് കീഴിൽ വകയിരുത്തിയ വിഹിത കണക്ക് ഇങ്ങനെയാണ്.