ഇ.വി.എം ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മോദി വിജയിക്കില്ലെന്ന് രാഹുൽ ഗാന്ധി
മുംബൈ: ഇ.വി.എം ഇല്ലെങ്കിൽ നരേന്ദ്രമോദി തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് രാഹുൽ ഗാന്ധി. ‘രാജാവിന്റെ’ ആത്മാവ് ഇ.വി.എമ്മിൽ ആണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനനസമ്മേളനത്തിൽ മോദിക്കെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. രാജ്യത്തെ പ്രശ്നങ്ങൾ ആരും ഉയർത്തിക്കാട്ടുന്നില്ല. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നിയന്ത്രിക്കപ്പെടുകയാണ്.
ഇത് രാഹുലിന്റെ മാത്രം യാത്രയല്ല. എല്ലാ പ്രതിപക്ഷ നേതാക്കളും ന്യായ് യാത്രയിൽ പങ്കാളിയായി. മണിപ്പൂർ തൊട്ട് മുംബൈ വരെ യാത്ര സംഘടിപ്പിച്ചു. വാക്കുകൾ കൊണ്ട് താൻ കണ്ട കാര്യങ്ങൾ വിവരിക്കാൻ കഴിയില്ല. നമോദിക്കോ ബിജെപിക്കോ എതിരെയല്ല മ്മുടെ പോരാട്ടം, ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്രമോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണെന്ന് രാഹുൽ വ്യക്തമാക്കി.
ആ ശക്തി മണിപുരിൽ ആഭ്യന്തരയുദ്ധം നടത്തുകയാണ്. മഹാരാഷ്‌ട്രയിലെ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടപ്പോൾ അദ്ദേഹം കരഞ്ഞു കൊണ്ട് സോണിയ ഗാന്ധിയോട് പറഞ്ഞത് എനിക്ക് ജയിലിൽ പോകാൻ ധൈര്യമില്ല എന്നാണ്. ഭയപ്പെട്ടാണ് എല്ലാവരും പാർട്ടികൾ മാറുന്നത്. ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്രമോദിയെന്നും രാഹുൽ പരിഹാസ രൂപേണ പറഞ്ഞു.
വിദേശ യാത്രകളും വ്യാജ പ്രചാരണങ്ങളും മാത്രമാണ് നരേന്ദ്രമോദി കഴിഞ്ഞ 10 വർഷത്തിൽ ചെയ്ത രണ്ടു കാര്യങ്ങളെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. ഭാവിയുടെ പ്രതീക്ഷയാണ് രാഹുൽഗാന്ധി. ബിജെപിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ഒരേയൊരു ലക്ഷ്യമെന്നും സ്റ്റാലിൻ പറഞ്ഞു.