143 കോടിയുടെ കുടിശിക; ആശുപത്രികളിൽ സർജിക്കൽ ഉപകരണ വിതരണം നിർത്താൻ ഒരുങ്ങി സ്ഥാപനങ്ങൾ

0

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജ് ആശുപത്രികളിലടക്കം ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കുള്ള കുടിശിക ഉടൻ നൽകിയില്ലെങ്കിൽ വിതരണം നിർത്തുമെന്ന് മുന്നറിയിപ്പ്. 143 കോടിയുടെ കുടിശികയാണ് നൽകാനുള്ളത്. ഏപ്രിൽ മുതൽ വിതരണം നിർത്തുമെന്നാണ് മുന്നറിയിപ്പ്.

നാളെ ആശുപത്രി സൂപ്രണ്ടുമാരുമായി സ്ഥാപനങ്ങൾ നടത്തുന്ന ചർച്ചയിൽ കുടിശിക സംബന്ധിച്ച് തീരുമാനമായില്ലെങ്കിൽ വിതരണം ഭാഗികമായി നിർത്താനാണ് നീക്കം. വിതരണം നിർത്തിയാൽ അത് ആശുപത്രികളിലെ ശസ്ത്രക്രിയകൾ മുടങ്ങുന്നതിന് കാരണമാകും. മരുന്ന് ക്ഷാമം കാരണം വലയുന്ന ആശുപത്രികളിൽ ശസ്ത്രക്രിയകൂടി മുടങ്ങിയാൽ രോഗികൾ കഷ്ടത്തിലാകും.

സ്റ്റെന്റ് ഉൾപ്പെടെയുള്ളവയുടെ വിതരണം തടസപ്പെട്ടാൽ ഹൃദയ ശസ്ത്രക്രിയയെ സാരമായി ബാധിക്കും. ലാബിലേക്ക് വേണ്ട പേസ്‌‌മേക്കർ, ബലൂൺ, എന്നി ഉപകരണങ്ങൾക്കും ക്ഷാമമുണ്ടാകും.

സംസ്ഥാന സർക്കാർ നൽകാനുള്ളത് 2022 ഡിസംബർ മുതൽ കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കുടിശികയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കുടിശിക മാത്രം 50 കോടി രൂപയാണ്. ഇത് 31നകം നൽകിയില്ലെങ്കിൽ വിതരണം നിർത്തുമെന്ന് കാട്ടി സർജിക്കൽ സ്ഥാപനങ്ങളുടെ വിതരണ കൂട്ടായ്‌മയായ ചേംബർ ഒഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ആശുപത്രി സൂപ്രണ്ടിന് കത്തുനൽകി.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി 23.14 കോടിയും കോഴിക്കോട് ജനറൽ ആശുപത്രി 3.21 കോടിയും കുടിശിക അടക്കാനുണ്ട്. കുടിശിക കാരണം കഴിഞ്ഞ ആഗസ്റ്റിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത് സ്ഥാപനങ്ങൾ നിർത്തിയതിനെ തുടർന്ന് ഹൃദയസംബന്ധമായ ശസ്ത്രക്രിയകൾ ഒരാഴ്ച മുടങ്ങിയിരുന്നു. രണ്ടുമാസത്തെ തുകയായ 6 കോടി നൽകിയാണ് അന്ന് പ്രശ്നം പരിഹരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *