അവിശ്വാസ പ്രമേയം തള്ളി / അംബേദ്ക്കർ വിഷയം സംഘർഷാവസ്ഥയിലേക്ക് മാറി

0

ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കറിനെതിരെയുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് തള്ളി. ഈ മാസം പത്തിനാണ് പ്രതിപക്ഷം ധന്‍കറിനെ ഇംപീച്ച് ചെയ്യാനുള്ള അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 67(ബി) പ്രകാരമാണ് അവിശ്വാസം അവതരിപ്പിച്ചത്.

ധന്‍കർ സഭയുടെ വിശ്വാസ്യതയെ കളങ്കപ്പെടുത്തിയെന്നായിരുന്നു ആരോപണം. പ്രമേയത്തിനെതിരെ ഉപാധ്യക്ഷന്‍ സഭയില്‍ വിശദമായ റൂളിങ് നല്‍കി. പ്രമേയം വ്യക്തിഹത്യ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റിന്‍റെയും അംഗങ്ങളുടെയും അന്തസ് ഹനിക്കുന്നതാണ് പ്രമേയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അറുപത് പ്രതിപക്ഷാംഗങ്ങള്‍ ഒപ്പിട്ട പ്രമേയമാണ് രാജ്യസഭയുടെ മേശപ്പുറത്ത് വച്ചത്. പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് തുടര്‍ച്ചയായി സഭ നിര്‍ത്തി വച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷം ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ പ്രമേയവുമായി മുന്നോട്ടു വന്നത്.. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും നസീര്‍ ഹുസൈനുമാണ് പ്രമേയം അവതരിപ്പിച്ചത്.തങ്ങള്‍ക്ക് ഈ പ്രമേയം വിജയിപ്പിക്കാനുള്ള അംഗബലമില്ല. എന്നാല്‍ ഇത് ശക്തമായൊരു താക്കീതാണെന്നും ഇരുവരും ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ലമെന്‍ററി ജനാധിപത്യത്തിന് വേണ്ടിയുള്ള സന്ദേശം കൂടിയാണിത്. ഇത് സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള പോരാട്ടമാണ്, വ്യക്തികള്‍ക്കെതിരെ അല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രധാന വിഷയങ്ങളായ അദാനി, സംഭാല്‍, മണിപ്പൂര്‍, വയനാട് തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ധന്‍കര്‍ പ്രതിപക്ഷത്തിന് അവസരം നല്‍കിയില്ല. എന്നാല്‍ സോണിയാ ഗാന്ധിയ്ക്ക് അമേരിക്കന്‍ വ്യവസായി ജോര്‍ജ് സോറോസുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കാന്‍ ഭരണപക്ഷാംഗങ്ങളെ അദ്ദേഹം അനുവദിക്കുകയും ചെയ്‌തു. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സഭയുടെ അന്തസ് അധ്യക്ഷന്‍ തന്നെ ഹനിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്‍റ് നോട്ടീസ് നല്‍കുകയായിരുന്നു.

ഇതിനിടെ അംബേദ്ക്കര്‍ വിഷയത്തില്‍ സഭാ നടപടികള്‍ ഇന്നും തടസപ്പെട്ടു. ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. നാളെയാണ് പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം സമാപിക്കുക. മുന്‍ നിശ്ചയിച്ച പ്രകാരം നാളെ ചര്‍ച്ചകള്‍ നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പാര്‍ലമെന്‍റ് ഇന്ന് അതി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

അംബേദ്ക്കര്‍ വിഷയത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ പ്രത്യേകം പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്‌തു. ഭരണപക്ഷത്ത് നിന്നുള്ള രണ്ട് അംഗങ്ങള്‍ക്ക് പരിക്കേറ്റു. നാഗാലാന്‍ഡില്‍ നിന്നുള്ള വനിത അംഗം തന്നെ രാഹുല്‍ ഗാന്ധി അപമാനിച്ചെന്ന് ആരോപിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. രാഹുലിനെതിരെ ഭരണപക്ഷം പൊലീസില്‍ പരാതി നല്‍കി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *