മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്ന സിഎഎ നടപ്പാക്കില്ല: മുഖ്യമന്ത്രി

0

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം 2024 സംസ്ഥാനത്ത് ഒരു കാരണവശാലും നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തിലായെന്ന് വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണവുമായി പിണറായി വിജയൻ രംഗത്തെത്തിയത്. വർഗീയ വിഭജന നിയമത്തെ കേരളം ഒറ്റ കെട്ടായി എതിർക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി നിയമമെന്നും വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ ആക്ഷേപിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയത്. ജനങ്ങളെ പലതായി വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ് കേന്ദ്ര സർക്കാർ നീക്കം. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പല തട്ടുകളാക്കാനുള്ള ഈ നിയമം ഒറ്റക്കെട്ടായി എതിർക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമം നടപ്പിലാക്കുമെന്ന് നേരത്തെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. പൗരത്വ പട്ടിക രജിസ്‌ട്രേഷനുള്ള പോർട്ടൽ കേന്ദ്രസർക്കാർ ഇതിനകം തയ്യാറാക്കി കഴിഞ്ഞെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *