ചട്ടം ഉറപ്പാക്കേണ്ടത് പാർട്ടികൾ, ബിഎസ്പി ആവശ്യം തള്ളി ; നടൻ വിജയ്‌യുടെ ‘ആനയ്ക്ക്’ വിലക്കില്ല
ചെന്നൈ ∙ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാകയിൽ ആനയെ ഉപയോഗിക്കുന്നത് വിലക്കണമെന്ന ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി)യുടെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്ന പതാകകൾക്ക് കമ്മിഷൻ അനുമതി നൽകുകയോ അംഗീകരിക്കുകയോ ചെയ്യാറില്ലെന്നും അറിയിച്ചു. പതാകയിൽ പേര്, ചിഹ്നം, ദേശീയപതാക എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അതത് പാർട്ടികളുടെ ഉത്തരവാദിത്തമാണെന്നും കമ്മിഷൻ വ്യക്തമാക്കി. കൂടാതെ, തമിഴക വെട്രി കഴകം പാർട്ടി ചിഹ്നത്തിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലെന്നും അതിനു ശേഷമേ താൽക്കാലിക ചിഹ്നം അനുവദിക്കൂവെന്നും അറിയിച്ചിട്ടുണ്ട്.
തങ്ങളുടെ ചിഹ്നമായ ആനയെ ടിവികെയുടെ പതാകയിൽ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി ബിഎസ്പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയാണു തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്. ഓഗസ്റ്റ് 22നു ചെന്നൈയിൽ നടന്ന ചടങ്ങിലാണു വിജയ് പാർട്ടി പതാക പുറത്തിറക്കിയത്. 27നു നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പതാകയുടെ അർഥവും പാർട്ടി നയവും വ്യക്തമാക്കുമെന്നാണു വിജയ് പ്രഖ്യാപിച്ചിട്ടുള്ളത്.