ഇനി ഏത് പ്രായക്കർക്കും ആരോഗ്യ ഇൻഷുറൻസ് ലഭിക്കും; ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഐആർഡിഎഐ
ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ പുതിയ തീരുമാനം.
ഇതുവരെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ ഏപ്രിൽ ഒന്നിന് പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റിയിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
പ്രായ പരിധിക്ക് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും കമ്പനി ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് ഇപ്പോൾ 36 മാസമായി കുറച്ചിട്ടുണ്ട്.ആരോഗ്യ ഇൻഷുറൻസിന്റെ ഉയർന്ന പ്രായപരിധി നീക്കിയത്കൊണ്ട് ഇൻഷുറൻസ് മേഖലയ്ക്ക് കുതിപ്പ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പുറത്ത് വരുന്ന കണക്കുകൾ പ്രകാരം, നോൺ-ലൈഫ് ഇൻഡസ്ട്രിയിൽ ആരോഗ്യ മേഖലയുടെ പങ്ക് 38% ആണ്. 2024 മാർച്ച് 31 വരെയുള്ള കണക്കാണ് ഇത്. കഴിഞ്ഞ വർഷത്തേക്കാൾ 4% ന്റെ വളർച്ചയാണ് ഈ വർഷം കമ്പനിക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിലെ വളർച്ചാ നിരക്ക് 20% ആണ്.