പത്താമൂഴം : നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്

0
NITHEESH KUMAR

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പത്താം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ബുധനാഴ്ച ചേര്‍ന്ന ജെഡിയു നിയമസഭ കക്ഷി യോഗവും എന്‍ഡിഎ യോഗവും നേതാവായി നിതീഷിനെ തെരഞ്ഞെടുത്തിരുന്നു.

ജെഡിയു യോഗത്തില്‍ പാര്‍ട്ടി നേതാവ് വിജയ് ചൗധരിയും ഉമേഷ് കുശ്‌വാഹയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിന്റെ പേര് നിര്‍ദേശിച്ചത്. എന്‍ഡിഎ യോഗത്തില്‍ ബിജെപിയുടെ സാമ്രാട്ട് ചൗധരിയാണ് നിതീഷിന്റെ പേര് നിര്‍ദേശിച്ചത്. ഇതിന് പിന്നാലെ, രാജ്ഭവനിലെത്തിയ അദ്ദേഹം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് സമര്‍പ്പിക്കുകയും പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കുകയും ചെയ്തു.നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നിതീഷ് എം.എല്‍.എമാരെ അഭിസംബോധന ചെയ്തു. സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കണമെന്ന് നിതീഷ് കുമാര്‍ നിയുക്ത നിയമസഭാംഗങ്ങളോട് അഭ്യര്‍ഥിച്ചു.

പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്താണ് നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിതീഷിന് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി മേധാവി ജെ പി നദ്ദ, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 243 സീറ്റുകളില്‍ 202 എണ്ണവും തൂത്തുവാരി വന്‍ വിജയം നേടിയാണ് എന്‍ഡിഎ അധികാര തുടര്‍ച്ച നേടിയത്. പ്രതിപക്ഷ സഖ്യത്തിന് വന്‍ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *