നിസാൻ എക്‌സ്-ട്രെയിലിന് ഇന്ത്യയിൽ 49.92 ലക്ഷം രൂപ

0

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്റെ ഇന്ത്യയിലെ വാഹനനിരയിലേക്ക് കഴിഞ്ഞ ദിവസം എത്തിയ എക്‌സ്-ട്രെയില്‍ എന്ന എസ്.യു.വിയുടെ വില പ്രഖ്യാപിച്ചു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഈ വാഹനത്തിന് 49.92 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ആഗോള വിപണിയില്‍ കൂടുതല്‍ വേരിയന്റുകളില്‍ എത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഒരു വേരിയന്റ് മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

ഒരു ലക്ഷം കിലോമീറ്റര്‍, അല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെയാണ് നിസാന്‍ എക്‌സ്-ട്രെയിലിന് നിര്‍മാതാക്കള്‍ ഉറപ്പാക്കിയിട്ടുള്ള വാറണ്ടി. ഇതിനുപുറമെ, മൂന്ന് വര്‍ഷം വരെ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും എക്‌സ്-ട്രെയില്‍ ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നാണ് നിസാന്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം എസ്.യു.വി. ശ്രേണിയിലേക്ക് എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ 150 യൂണിറ്റാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. ഡിമാന്റ് പരിഗണിച്ച ശേഷമായിരിക്കും കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കുക.

2021 ആഗോള വിപണിയില്‍ എത്തിച്ച എക്‌സ്-ട്രെയിലിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ന് ആഗോളതലത്തില്‍ ഏറ്റവുമധികം വില്‍ക്കുന്ന എസ്.യു.വികളുടെ പട്ടിക പരിശോധിച്ചാല്‍ ആദ്യ അഞ്ച് വാഹനങ്ങളില്‍ ഒന്ന് എക്സ്-ട്രെയില്‍ ആണ്. ലോകത്തിന്റെ വിവിധ കോണുകളിലായി 78 ലക്ഷം യൂണിറ്റിന്റെ വില്‍പ്പനയാണ് ഈ വാഹനം ഇതുവരെ നേടിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ വി.സി. ടര്‍ബോ പെട്രോള്‍ എന്‍ജിനിലാണ് ഈ വാഹനം എത്തുന്നത്. ഇതിനൊപ്പം 12 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 163 പി.എസ്. പവറും 300 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. എക്സ്ട്രോണിക് സി.വി.ടി ഓട്ടോമാറ്റിക്കാണ് എക്‌സ്-ട്രെയിലില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 4×4 സംവിധാനം ഒഴിവാക്കിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഈ പോരായ്മ പരിഹരിക്കുന്നതിനായി ബ്രേക്ക് ലോക്ക് ഡിഫറന്‍ഷ്യല്‍ സംവിധാനവും ഇതില്‍ നല്‍കിയിട്ടുണ്ട്.

നിസാന്റെ സിഗ്നേച്ചര്‍ ഡിസൈന്‍ ശൈലിയിലാണ് ഈ വാഹനം തീര്‍ത്തിരിക്കുന്നത്. വി-മോഷന്‍ ക്രോമിയം ആവരണത്തില്‍ ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡിയില്‍ തന്നെ ഒരുങ്ങിയിട്ടുള്ള ഡി.ആര്‍.എല്ലും ടേണ്‍ ഇന്റിക്കേറ്ററും, എയര്‍ സ്‌കൂപ്പുകള്‍ നല്‍കിയിട്ടുള്ള ബമ്പര്‍, 20 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍, ക്രോമിയം ബോര്‍ഡറുകള്‍ നല്‍കിയ വിന്‍ഡോ, ഡോറിലേക്കും വശങ്ങളിലേക്കുമുള്ള ടെയ്ല്‍ലാമ്പ്, റൂഫ് സ്‌പോയിലര്‍ എന്നിവ നല്‍കിയാണ് എക്‌സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത്.

ലളിതമായാണ് അകത്തളം ഒരുക്കിയിട്ടുള്ളത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതറും നേര്‍ത്ത പ്ലാസ്റ്റിക്കുകളും ഉപയോഗിച്ചാണ് ഡാഷ്ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. രണ്ട് പാളികളായി നല്‍കിയിട്ടുള്ള സണ്‍റൂഫ് എക്സ്-ട്രെയിലിന് മാത്രമാണ് ഈ ശ്രേണിയില്‍ നല്‍കിയിട്ടുള്ളത്. വലയര്‍ലെസ് ചാര്‍ജര്‍, ടൂ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫാബ്രിക് സീറ്റുകള്‍, ആംറെസ്റ്റ് തുടങ്ങിയവയാണ് അകത്തളത്തെ വേറിട്ടതാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *