നിർമല സീതാരാമൻ ഡ്രാക്കുള കമ്പനികളുടെ സംരക്ഷകയായി മാറിയെന്ന് മുഹമ്മദ് റിയാസ്

0

 

കൊച്ചി: അമിതജോലി സമ്മർദം മൂലം യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മല സീതാരാമൻ നടത്തിയ പ്രസ്താവനക്കെതിരേ മന്ത്രി മുഹമ്മദ് റിയാസ്. സാമ്പത്തികലാഭം കൊയ്യുന്ന ഡ്രാക്കുളകളായി ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ (ഇ.വൈ) പോലുള്ള ഐ.ടി കമ്പനികള്‍ മാറി. നിര്‍മല സീതാരാമന്റെ പ്രസ്താവന ഈ ഡ്രാക്കുള കമ്പനികളുടെ സംരക്ഷകയായി മാറുന്നതിന് തുല്യമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മരിച്ച അന്ന സെബാസ്റ്റ്യന്റെ വീട് സന്ദർശിച്ചതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

അടിമത്തത്തിന്റെ കാലത്ത് ആളുകളെ തൊഴില്‍ ചെയ്യുന്നതിനേക്കാള്‍ ഭയാനകമാകുന്ന നിലയിലേക്ക് തൊഴില്‍ ചെയ്യിക്കുകയാണ്. ചൂഷണം ചെയ്യുകയാണ്. സാമ്പത്തികലാഭം കൊയ്യുന്ന ഡ്രാക്കുളകളായി ഇത്തരം ഐ.ടി കമ്പനികള്‍ മാറിയിരിക്കുകയാണ്. ആ ഡ്രാക്കുളകളെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തമുള്ള ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന ഡ്രാക്കുളയുടെ സംരക്ഷകയായി മാറുന്നതിന് തുല്യമാണ്-മന്ത്രി പറഞ്ഞു

ജോലി സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പഠിപ്പിച്ചുകൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ കഴിയുമെന്നുമാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. അതേസമയം ഈ പ്രസ്താവന കുടുംബം തള്ളി. ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് ഓരോ പ്രസ്താവനകള്‍ പറയുകയാണ്. ഇത് അംഗീകരിക്കുന്ന ചിലരുണ്ടാകും. എന്നാല്‍ മകളെ ചെറുപ്പംമുതല്‍ തന്നെ അത്മവിശ്വാസം കൊടുത്ത് തന്നെയാണ് വളര്‍ത്തിയതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.

പുണെ ഇ.വൈ. ടെക്‌നോളജീസിൽ ഉദ്യോഗസ്ഥയായിരുന്ന കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ ജൂലായ്‌ 20-നാണ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ജോലിസമ്മർദത്തെ തുടർന്നാണ് മകൾ മരിച്ചതെന്നു ചൂണ്ടിക്കാട്ടി അന്നയുടെ മാതാവ് അനിത ഇ.വൈ. ടെക്‌നോളജീസിന് എഴുതിയ കത്ത് പുറത്തു വന്നതിനെത്തുടർന്നാണ് സംഭവം വിവാദമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *