ശബരിമലയിൽ ഇന്ന് നിറപുത്തരി മഹോത്സവം

സന്നിധാനം: നിറപുത്തരി മഹോത്സവത്തിന് ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരിയാണ് നട തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചത്. അച്ചൻകോവിലിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട് ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ ഇരുമുടിക്കൊപ്പം തലയിലേന്തി നെൽക്കതിരുകൾ സന്നിധാനത്ത് എത്തിച്ചു. ഇന്ന് പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ സൂക്ഷിച്ചിരിക്കുന്ന നെൽക്കറ്റകൾ തീർത്ഥം തളിച്ച് ശുദ്ധിവരുത്തി പൂജിക്കും. നെൽക്കറ്റകൾ ആഘോഷപൂർവം ശ്രീകോവിലിൽ കൊണ്ടുപോയി വിഗ്രഹത്തിന് സമീപംവച്ച് ചൈതന്യം നിറയ്ക്കും. തുടർന്ന് ശ്രീകോവിലിലും സോപാനത്തും നെൽക്കതിരുകൾ കെട്ടിയശേഷം തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഭക്തർക്ക് വിതരണം ചെയ്യും. ചടങ്ങുകൾക്ക് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ.എ. അജികുമാർ ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ മുരാരി ബാബു എന്നിവർ നേതൃത്വം നൽകും. പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10ന് നടയടയ്ക്കും.