നിപ്പയെ പിടിച്ചുകെട്ടിയ ആശ്വാസത്തിൽ മലപ്പുറം

0

കോഴിക്കോട് : നിപ്പ വ്യാപന ആശങ്കയിൽനിന്ന് ഏറെക്കുറെ മുക്തി നേടി മലപ്പുറം. നിരീക്ഷണത്തിലുള്ള ആരുടെയും നില ഗുരുതരമല്ല. രണ്ടാമതൊരാൾക്ക് ഇതുവരെ നിപ്പ സ്ഥിരീകരിച്ചതുമില്ല. കഴിഞ്ഞ ഞായറാഴ്ചയാണു മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ 14 വയസ്സുകാരൻ നിപ്പ ബാധിച്ച് മരിച്ചത്. ഈ മാസം പത്തിനാണു കുട്ടിയെ പനി ബാധിച്ച് നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പരിശോധിച്ച 17 പേരുടെ സാംപിളുകളും നെഗറ്റീവാണ്. ഏതാനും പരിശോധനാഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. നിപ്പയെ തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. സ്രവ പരിശോധനയ്ക്കായി പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ (എൻഐവി) മൊബൈൽ ലബോറട്ടറി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു.

എൻഐവിയിലെ ഡോ.ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള ബാറ്റ് സർവൈലൻസ് ടീം രോഗബാധിത മേഖലയിലെത്തി പ്രവർത്തനം തുടങ്ങി. നിപ്പയെ അതിജീവിക്കാനുള്ള മോണോ ക്ലോണൽ ആന്റിബോഡി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ 16 പേർ മഞ്ചേരി മെഡിക്കൽ കോളജിലും രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളജിലും ഐസലേഷനിലുണ്ട്. ആരുടെയും നില ഗുരുതരമല്ല. നിലവിൽ 460 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്തെ രണ്ടു പഞ്ചായത്തുകളിലാണ് ഇപ്പോൾ നിയന്ത്രണം.

വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ നീക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ 10 മുതൽ 5 വരെയാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും മാസ്ക് നിർബന്ധമാണ്. അഞ്ചാം തവണയാണ് കേരളത്തിൽ നിപ്പ സ്ഥിരീകരിക്കുന്നത്. 2018ൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രോഗം റിപ്പോർട്ട് ചെയ്തു. 17 പേർ മരിച്ചു. 2019ൽ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തു. 2021ൽ കോഴിക്കോട് ജില്ലയിൽ നിപ്പ ബാധിച്ച് ഒരാൾ മരിച്ചു. ഈ വർഷവും ഒരാൾ നിപ്പ ബാധിച്ച് മരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *