വീണ്ടും നിപ്പ മരണം? മലപ്പുറത്ത് നിപ മരണമെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്
കേരളത്തെ വീണ്ടും ആശങ്കയിലാക്കി നിപ്പ മരണമെന്ന് സംശയം. പെരിന്തൽമണ്ണയിൽ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസ്സുകാരനായ യുവാവിന്റെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. സെപ്റ്റംബർ 9നാണു പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ വച്ചു യുവാവ് മരിച്ചത്. ഇന്നലെ സാംപിൾ മെഡിക്കൽ കോളജിൽ എത്തിക്കുകയും മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഫലം പോസിറ്റീവാകുകയും ആയിരുന്നു. പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ച സ്രവ സാംപിൾ റിപ്പോർട്ട് വന്നാലെ നിപ്പയെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.
അതേസമയം തിരുവോണാഘോഷത്തിന് മണിക്കൂറുകൾ ശേഷിക്കെ കേരളം ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ്. രാവിലെ മുതൽ സജീവമായ ചന്തകളിൽ വൈകിട്ടും തിരക്ക് തുടരുകയാണ്. തിരുവോണ സദ്യവട്ടം ഇത്തവണ കെങ്കേമമാക്കാൻ തന്നെയാണ് മലയാളികളുടെ തയാറെടുക്കുന്നത്. ഓണക്കച്ചവടം പൊടിപൊടിച്ചതോടെ വ്യാപാരികളും ഇത്തവണ ആവേശത്തിലാണ്. അതിനിടെ പാലക്കാട് കഞ്ചിക്കോട് ആലാമരം കൊല്ലപ്പുരയിൽ തീറ്റ മത്സരത്തിനിടെ ഇഡ്‍ഡലി തൊണ്ടയിൽ കുടുങ്ങി മത്സരാർഥി മരിച്ചു. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയാണ് സംഭവം. പ്രദേശത്തെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ തീറ്റമത്സരത്തിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.