ഒമ്പതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവം : അയൽവാസി കസ്റ്റഡിയിൽ

പത്തനംതിട്ട : വലഞ്ചുഴിയിൽ തിങ്കളാഴ്ച രാത്രി അച്ചൻകോവിലാറ്റിൽ ചാടി ഒമ്പതാം ക്ലാസുകാരി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ. യുവാവ് അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നതു കണ്ട പെൺകുട്ടി ആറ്റിൽ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.യുവാവ് സംഭവ സ്ഥലത്തുവെച്ച് പെൺകുട്ടിയുടെ പേരിൽ അച്ഛനും സഹോദരനുമായി വഴക്കുണ്ടായി. അച്ഛനെ മർദ്ദിക്കുന്നതു കണ്ട് മനംനൊന്ത് പെൺകുട്ടി ചാടുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കഴിഞ്ഞ രാത്രി തന്നെ കേസെടുത്തിരുന്നു.യുവാവ് ലഹരിക്കടിമയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വലഞ്ചുഴി ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ഉത്സവം കാണാൻ എത്തിയ അഴൂർ സ്വദേശി ആവണി (15) ആണ് മരിച്ചത് .എഫ്.ഐ.ആറിൽ യുവാവിന്‍റെ പേര് പറയുന്നില്ലെങ്കിലും പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 23കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ പ്രേരണക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.