കാലുമാറ്റം തുടർന്നുകൊണ്ടേയിരിക്കുന്നു / 9 നേതാക്കൾ ‘ഷിൻഡെ സേനാ’വിട്ട് ‘ഉദ്ദവ് സേന’യിൽ തിരിച്ചെത്തി;

വർളി : മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും പാർട്ടി സ്ഥാനാർത്ഥി മിലിന്ദ് ദേവ്‌റയും നയിക്കുന്ന ശിവസേനയ്ക്കും കനത്ത തിരിച്ചടിയായി വർളിയിലെ മൂന്ന് ശാഖാ പ്രമുഖരും ഒരു നിയമസഭാ കോ-ഓർഡിനേറ്ററും ഉൾപ്പെടെ ഒമ്പത് പാർട്ടി ഭാരവാഹികൾ ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിലേയ്ക്ക് തിരിച്ചു വന്നു. വർളിയിലെ സിറ്റിങ് എംഎൽഎയും പാർട്ടി നേതാവുമായ ആദിത്യ താക്കറെയുടെ സാന്നിധ്യത്തിലാണ് ഇവർ ഉദ്ദവ് സേനയിലേക്ക് കൂറുമാറിയതായി പ്രഖ്യാപിച്ചത്.
മുൻ നവനിർമാൺ സേന (എംഎൻഎസ്) സ്ഥാനാർത്ഥി അഖിൽ ചിത്രെയും പാർട്ടി ഉപേക്ഷിച്ച് താക്കറെ വിഭാഗത്തിൽ ചേർന്നു .
ആദിത്യ താക്കറെ, എംഎൻഎസ് സ്ഥാനാർത്ഥി സന്ദീപ് ദേശ്പാണ്ഡെ, രാജ്യസഭാ എംപി മിലിന്ദ് ദേവ്റ എന്നിവർ തമ്മിലുള്ള കടുത്ത ത്രികോണ മത്സരത്തിനാണ് വർളി സാക്ഷ്യം വഹിക്കാൻ പോകുന്നത്.
.രേണുക താംബെ (വനിതാ ഡെപ്യൂട്ടി ഡിവിഷൻ ചീഫ്), വിജയ മഹാജൻ (വർളി അസംബ്ലി കോ-ഓർഡിനേറ്റർ), ശ്രീകാന്ത് ജവാലെ ( ശാഖാ പ്രമുഖ്), സന്തോഷ് ഷിൻഡെ (ശാഖാ പ്രമുഖ്) എന്നിവരാണ് താക്കറെ വിഭാഗത്തിലേക്ക് കൂറ് മാറിയ മറ്റ് ശിവസേന ഭാരവാഹികൾ.
ജ്ഞാനദേവ് സനസ് (ശാഖ പ്രമുഖ് ), അൻവർ ദുരാനി (ന്യൂനപക്ഷ സെൽ വോർളി മണ്ഡലം), അഥർവ റാണെ (യൂത്ത് കോർഡിനേറ്റർ), മോഹിനി മോഹിതെ (കോർഡിനേറ്റർ ), രേഷ്മ ധോത്രേ . പ്രാദേശിക നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അംഗം ഷീല സിംഗ്, പ്രഹാർ ഭാരവാഹി നിഖിൽ സാവന്ത് എന്നിവരും താക്കറെ വിഭാഗത്തിൽ ചേർന്നു.
“മുംബൈയേയും മഹാരാഷ്ട്രയേയും കൊള്ളയടിക്കുന്നതിൽ അസ്വസ്ഥരായ മുഖ്യമന്ത്രി ഷിൻഡെ വിഭാഗത്തിലെ മഹാരാഷ്ട്ര സ്‌നേഹികളായ ഭാരവാഹികൾ ഇന്ന് ശിവസേനയിൽ (യുബിടി) ചേർന്നു. ഞാൻ അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു,” പാർട്ടിയിലേക്ക് മടങ്ങിയവരെ സ്വാഗതം ചെയ്തുകൊണ്ട് ആദിത്യ താക്കറെ പറഞ്ഞു.
ഉദ്ദവ് താക്കറെ വിഭാഗത്തിലേക്കുള്ള പ്രാദേശിക പാർട്ടി നേതാക്കളുടെ തിരിച്ചുവരവ് ശിവസേന (യുബിടി) യിൽ ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയത്തിന് തുടക്കമിട്ടെന്ന് ഷിൻഡെ സ്ഥാനാർത്ഥി മിലിന്ദ് ദിയോറ വിമർശിച്ചു .
“വർളിയിൽ കൂറുമാറ്റ രാഷ്ട്രീയം ആരംഭിച്ചു. വർളി മണ്ഡലത്തിൽ തോൽവി ഭയന്ന താക്കറെ വിഭാഗം ഇന്ന് ഞങ്ങളുടെ പാർട്ടിയെ പിളർത്തി. ഇനി അവർ ആരോടും കൂറുമാറ്റ രാഷ്ട്രീയം ആരോപിക്കരുത്. ”അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിൽ മുൻ എംഎൻഎസ് സ്ഥാനാർത്ഥി അഖിൽ ചിത്രെ ശിവസേന (യുബിടി) സ്ഥാനാർത്ഥി വരുൺ സർദേശായിയെ പിന്തുണച്ച് പാർട്ടി വിട്ടു.