നിമിഷപ്രിയയുടെ മോചനം : വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായും അവരെ മോചിപ്പിക്കാൻ ധാരണയിലെത്തിയതായും അവകാശപ്പെടുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും ഇത്തരം തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള മാധ്യമ റിപ്പോർട്ടുകൾ വ്യാജമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ .നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തലാലിൻ്റെ കുടുംബവുമായി ധാരണയിലെത്തിയെന്ന് നേരത്തെ കാന്തപുരത്തിൻ്റെ ഓഫിസ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇത്തരം സെൻസിറ്റീവ് വിഷയങ്ങളില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ്അറിയിച്ചു .
നിമിഷ പ്രിയയുടെ കേസില്‍ ഇന്ത്യ നിരന്തരമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു സെൻസിറ്റീവ് വിഷയമാണ്, കേസിൽ ഇന്ത്യാ ഗവൺമെൻ്റ് സാധ്യമായ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. തങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമായി, യെമനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു.തങ്ങൾ ഈ വിഷയം സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്യുന്നുവെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു
“ഈ വിഷയത്തിൽ ഇന്ത്യ ചില സൗഹൃദ സർക്കാരുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതൊരു സങ്കീർണമായ കേസാണെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുന്നു. തെറ്റായ വിവരങ്ങളെയും ഊഹാപോഹങ്ങളെയും അടിസ്ഥാനമാക്കിയുള്ള മാധ്യമ റിപ്പോർട്ടുകൾ വസ്‌തുതാ വിരുദ്ധമാണ്, എല്ലാവരും ഇതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്ന് തങ്ങൾ അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.