സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി പിവി അൻവർ

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ മത്സരിക്കാനുള്ള പ്രഖ്യാപനം നീട്ടി നീട്ടി പോവുകയാണ് പിവി അൻവര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പിവി അൻവര്‍ തീരുമാനിച്ചിരുന്നത്. എന്നാൽ, യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കുമെന്ന് പിവി അൻവര്‍ വ്യക്തമാക്കി.മാന്യമായ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും അദേഹം പറഞ്ഞു. ഇന്ന് രാവിലെ ഒമ്പതിന് പ്രഖ്യാപനം നടത്താൻ വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം തൽക്കാലത്തേക്ക് നീട്ടിയതായി പിവി അൻവര്‍ അറിയിച്ചത്.
യുഡിഎഫിലെ ഉന്നത നേതാക്കൾ വിളിച്ച് ഒരു പകൽ കൂടി വെയിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിലെ പ്രധാനപ്പെട്ട സാമുദായിക നേതാക്കളും യുഡിഎഫിന്‍റെ ഉത്തരവാദിത്വപെട്ട നേതാക്കളും ചില സാമൂഹിക നേതാക്കളും വിളിച്ചിരുന്നു. അവരെല്ലാം ഒരു പകൽ കൂടി നിങ്ങള്‍ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടത്. പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലീം ലീഗ് നേതാക്കളും കോണ്‍ഗ്രസിന്‍റെ ഉത്തരവാദിത്വപ്പെട്ട നേതാക്കളും ഇപ്പോള്‍ പ്രഖ്യാപനം നടത്തരുതെന്ന് പറഞ്ഞിരുന്നു.