നിലമ്പൂർ അപകടത്തിൽ സംശയമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ

മലപ്പുറം: നിലമ്പൂർ അപകടത്തിൽ സംശയമുണ്ടെന്ന് വനംവകുപ്പ്മന്ത്രി എ കെ ശശീന്ദ്രൻ. ബോധപൂർവം ചെയ്തതാണോ എന്ന് സംശയിക്കുന്നുവെന്നാണ് വനംമന്ത്രിയുടെ ആരോപണം. രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും എകെ ശശീന്ദ്രൻ ആരോപിച്ചു.
സംഭവം നിലമ്പൂരിൽ ഉൾപ്പെടെ അറിയുന്നതിന് മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു. ഇപ്പോൾ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ ആരായിരിക്കും അതിന്റെ ഗുണഭോക്താക്കൾ എന്നും വനംമന്ത്രി ചോദിക്കുന്നു. വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ ആരോപണം.
വനംമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഇടപെട്ട് എ കെ ശശീന്ദ്രനെ തിരുത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു. വനംമന്ത്രി രാഷ്ട്രീയം കളിക്കുന്നുവെന്നും സണ്ണി ജോസഫ് രൂക്ഷമായി കുറ്റപ്പെടുത്തി.