പാതിരാത്രിയിൽ വീട്ടിലെത്തിയ കാമുകൻമാരും ആൺസുഹൃത്തുക്കളും ഏറ്റുമുട്ടിയതോടെ പ്രതികളായത് പോക്സോ കേസിൽ
ആലപ്പുഴ: പത്താംക്ലസുകാരിയെ കാണാൻ പാതിരാത്രിയിൽ വീട്ടിലെത്തിയ കാമുകൻമാരും ആൺസുഹൃത്തുക്കളും ഏറ്റുമുട്ടിയതോടെ പ്രതികളായത് പോക്സോ കേസിൽ. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ശനിയാഴ്ച രാത്രി 12 മണിയോടെ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേർ ഏറ്റുമുട്ടിയത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താംക്ലാസുകാരിയെ കാണാനാണ് രണ്ട് യുവാക്കൾ രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഇതിന് പിന്നാലെ പെൺകുട്ടിയുടെ കാമുകനും സുഹൃത്തും എത്തുകയും പരസ്പരം കണ്ടതോടെ യുവാക്കൾ തമ്മിൽ സംഘർഷം ഉടലെടുക്കുകയുമായിരുന്നു.
പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ സഹപാഠിയായ വിദ്യാർഥിനിയുമുണ്ടായിരുന്നു. വീട്ടിൽ പെൺകുട്ടിയുടെ അമ്മയും മുത്തച്ഛനും മുത്തശ്ശിയുമാണുണ്ടായിരുന്നത്. ബഹളംകേട്ട് വീട്ടുകാർ ഉണർന്നതോടെ നാലുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ കൂട്ടത്തിലൊരാളെ വീട്ടുകാർ പിടികൂടി. ഇയാളെ ചോദ്യംചെയ്ത പോലീസ് മറ്റുമൂന്നുപേരെയും കണ്ടെത്തി. വിശദാന്വേഷണത്തിൽ പെൺകുട്ടികൾ രണ്ടുവർഷമായി ലൈംഗികചൂഷണത്തിന് വിധേയമായിരുന്നതായി ബോധ്യപ്പെട്ടു.
22-കാരനെയാണ് തടഞ്ഞുവെച്ച് പോലീസിനു കൈമാറിയത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിനാണ് രണ്ടു യുവാക്കൾക്കെതിരേ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടിൽ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു.