ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീര്‍ പുരകായസ്ത ജയിൽ മോചിതനായി
ന്യൂഡൽഹി: വിദേശത്തു നിന്നു പണം വാങ്ങി ചൈനാ അനുകൂല പ്രചാരണം നടത്തിയ കേസിൽ ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തത് സുപ്രീം കോടതി അസാധുവാക്കി. റിമാൻഡ് അപേക്ഷ അഭിഭാഷകനും പ്രബീറിനും നൽകിയില്ലെന്നതു ചൂണ്ടിക്കാട്ടിയ പരമോന്നത കോടതി നിയമത്തിന്‍റെ കണ്ണിൽ അറസ്റ്റ് അസാധുവെന്നു വ്യക്തമാക്കി.
പുരകായസ്തയെ വിട്ടയയ്ക്കണമെന്നും മോചന വ്യവസ്ഥകൾ വിചാരണക്കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കേസിൽ അന്വേഷണം തുടരുന്ന ഡൽഹി പൊലീസിന് തിരിച്ചടിയാണു സുപ്രീം കോടതിയുടെ നടപടി.കഴിഞ്ഞ ഒക്റ്റോബർ മൂന്നിനാണു പുരകായസ്ത അറസ്റ്റിലായത്.
വീണ്ടും അറസ്റ്റ് എന്നതിൽ നിയമപരമായി നടപടി സ്വീകരിക്കാമെന്നു പറഞ്ഞ സുപ്രീം കോടതി ഇപ്പോഴത്തെ ഒരു പരാമർശത്തെയും കേസിന്‍റെ “മെരിറ്റു’മായി ബന്ധപ്പെടുത്തരുതെന്നും ഓർമിപ്പിച്ചു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ വിട്ടയക്കുന്നതിലെ നിബന്ധന വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു