റോഡരികിൽ നവജാത ശിശു : 24 മണിക്കൂറിനുള്ളിൽ അച്ഛനമ്മമാരെ കണ്ടെത്തി പോലീസ് !

മുംബൈ :ശനിയാഴ്ച രാവിലെ പൻവേലിലെ ടാക്കയിൽ രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബ്ലാക്കറ്റില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനൊപ്പം ഇംഗ്ലീഷില്‍ ഒരു കുറിപ്പും ഉപേക്ഷിച്ചവർ വച്ചിരുന്നു. മാനസികവും സാമ്പത്തികവുമായ സാഹചര്യം കാരണം മറ്റ് നിവര്‍ത്തിയില്ലാത്തതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കുന്നതെന്നാണ് ആ കുറിപ്പില്‍ ഉണ്ടായിരുന്നത്.
ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് ടക്ക കോളനിയിലെ മൊറാജ് റെസിഡൻസിയിലെ സ്വപ്നാലെയിലെ പെൺകുട്ടികളുടെ അനാഥാലയത്തിന് പുറത്തുള്ള നടപ്പാതയിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കിടത്തിയ പ്ലാസ്റ്റിക്ക് കൊട്ടയില്‍ ഇംഗ്ലീഷിൽ എഴുതിയ ഒരു കുറിപ്പിൽ, കുട്ടിയെ ഉപേക്ഷിക്കാനുള്ള സാഹചര്യം വിവരിച്ചു. പിന്നാലെ പ്രദേശത്തെ സിസിടിവി പരിശോധിച്ച പോലീസ് പുലർച്ചെ 2.42 ന് ബുര്‍ഖ ധരിച്ച ഒരു സ്ത്രീ കാറില്‍ വന്നിറങ്ങി നീല നിറത്തിലുള്ള ഒരു പ്ലാസ്റ്റിക് പെട്ടി അനാഥാലയത്തിന് സമീപത്ത് വച്ച്, അതേ കാറില്‍ തന്നെ കയറി പോകുന്നത് കണ്ടെത്തുകയായിരുന്നു.