രാജ്യത്ത് ഇനി പുതിയ വഖഫ് നിയമം ; ഭേദഗതി ബില്ലില്‍ രാഷ്‌ട്രപതി ഒപ്പുവച്ചു

The Waqf(Amendment) Act, 2025 receives the assent of President Droupadi Murmu on April 5.
ന്യൂഡല്‍ഹി: പാർലമെന്‍റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലില്‍ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചു. ഇതോടെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. 13 മണിക്കൂറിലധികം നീണ്ട ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെയാണ് പാര്‍ലമെന്‍റ് ബില്ല് പാസാക്കിയത്. രാജ്യസഭയിൽ 128 അംഗങ്ങൾ അനുകൂലിച്ചും 95 പേർ എതിർത്തും വോട്ട് ചെയ്‌തിരുന്നു. ലോക്‌സഭയില്‍ 288 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോള്‍ 232 അംഗങ്ങൾ എതിർത്തു. ഭൂരിപക്ഷം പേരുടെ പിന്തുണയോടെ കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കുകയായിരുന്നു.
“പാർലമെന്‍റിന്‍റെ വഖഫ് ഭേദഗതി നിയമത്തിന് ഏപ്രിൽ 5 ന് പ്രസിഡന്‍റിന്‍റെ അംഗീകാരം ലഭിച്ചു, ഇത് പൊതുവായ വിവരങ്ങൾക്കായി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു” സർക്കാർ ഒരു വിജ്ഞാപനത്തിൽ പറഞ്ഞു. രാജ്യത്തെ ദശലക്ഷക്കണക്കിന് ദരിദ്ര മുസ്‌ലിങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു ബില്ല് അവതരിപ്പിച്ചത്. വഖഫ് ബോർഡ് വഖഫ് സ്വത്തുക്കളുടെ മേൽനോട്ടം മാത്രമേ നടത്തൂ എന്ന് പറഞ്ഞ കേന്ദ്രമന്ത്രി, ഇത് കൈകാര്യം ചെയ്യില്ലെന്നും വ്യക്തമാക്കി.
സർക്കാർ എല്ലാ മതസ്ഥാപനങ്ങളെയും അവയുടെ സ്വയംഭരണത്തെയും ബഹുമാനിക്കുന്നു. അവയുടെ കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്നില്ല. ആവശ്യമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനും സുതാര്യത ഉറപ്പാക്കാനും മാത്രമാണ് വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കുന്നത്. വഖഫ് പ്രഖ്യാപനത്തിന് മുമ്പ് സ്‌ത്രീകൾക്ക് അവരുടെ അനന്തരാവകാശം ലഭിക്കണം. വിധവകൾ, വിവാഹമോചിതരായ സ്‌ത്രീകൾ, അനാഥർ എന്നിവർക്ക് പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്നും ബില്ല് അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. വഖഫ് ബില്ലിനെ “ഏകീകൃത വഖഫ് മാനേജ്മെന്‍റ് ശാക്തീകരണം, കാര്യക്ഷമത, വികസനം (UMEED) ബിൽ” എന്ന് പുനഃര്‍നാമകരണം ചെയ്‌തിരുന്നു.
എതിര്‍ത്ത് പ്രതിപക്ഷം: എന്നാല്‍ കേന്ദ്രത്തിന്‍റെ പുതിയ ബില്ലിനെതിരെ ഇന്ത്യാ സഖ്യം ശക്തമായി പ്രതിഷേധിച്ചു. വഖഫ് (ഭേദഗതി) ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരായ ആക്രമണമാണെന്നും ന്യൂനപക്ഷ സമുദായങ്ങളെ അപകീർത്തിപ്പെടുത്തുകയും ഇന്ത്യൻ സമൂഹത്തെ വിഭജിക്കുകയുമാണ് ലക്ഷ്യമെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള വ്യക്തമായ ശ്രമം നടക്കുന്നുണ്ട്. ഇന്ന് അവരുടെ കണ്ണുകൾ ഒരു ന്യൂനപക്ഷ വിഭാഗത്തിലാണ്, നാളെ അവർ മറ്റൊന്നിനെ ലക്ഷ്യം വയ്ക്കുമെന്നും പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബില്ലിനെതിരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡും അറിയിച്ചിരുന്നു.
പുതുക്കിയ വഖഫ് ഭേദഗതി ബിൽ
വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നുവെന്ന് കേന്ദ്രം അവകാശപ്പെട്ടാണ് 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യുന്നത്. മുസ്‌ലിം നിയമപ്രകാരം മതപരമോ ജീവകാരുണ്യമോ ആയി കണക്കാക്കുന്ന ഉദ്ദേശ്യങ്ങൾക്കായി ജംഗമ അല്ലെങ്കിൽ സ്ഥാവര സ്വത്തുക്കളെയാണ് വഖഫ് സ്വത്തുക്കള്‍ എന്ന് പറയുന്നത്.
ഒരു സ്വത്ത് വഖഫ് ചെയ്‌താല്‍ മുസ്‌ലിം വിശ്വാസ പ്രകാരം അതു ദൈവത്തിന്‍റെ ഉടമസ്ഥയിലായിട്ടാണ് കണക്കാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും വഖഫ് നിയന്ത്രിക്കാൻ ഒരു വഖഫ് ബോർഡ് ഉണ്ട്. പുതിയ ഭേദഗതി പ്രകാരം വഖഫ് ആണോ സർക്കാർ ഭൂമിയാണോ എന്നതു സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാ കലക്‌ടർക്ക് ബിൽ അധികാരം നൽകുന്നു. 1995ലെ വഖഫ് നിയമം ഭേദഗതി ചെയ്യാനും മുസ്‌ലിം അല്ലാത്ത ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറെ അനുവദിക്കാനും ബിൽ നിർദേശിക്കുന്നു.
വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഏത് തർക്കവും വഖഫ് ട്രിബ്യൂണൽ തീരുമാനിക്കുമെന്നാണ് നിയമം പറയുന്നത്. ട്രിബ്യൂണൽ രൂപീകരിക്കുന്നത് സംസ്ഥാന സർക്കാരാണ്. അതിൽ മൂന്ന് അംഗങ്ങൾ ഉൾപ്പെടുന്നു – ഒരു ജില്ലാ, സെഷൻസ് അല്ലെങ്കിൽ സിവിൽ ജഡ്‌ജി, ക്ലാസ് I റാങ്കിൽ കുറയാത്ത, സംസ്ഥാന ജുഡീഷ്യൽ ഓഫിസർ ആയ ചെയർപേഴ്‌സൺ, സംസ്ഥാന സിവിൽ സർവീസിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ, കൂടാതെ മുസ്‌ലിം നിയമത്തിലും നിയമശാസ്‌ത്രത്തിലും അറിവുള്ള വ്യക്തിയും ട്രിബ്യൂണലിൽ ഉൾപ്പെടുന്നു.
ഒരുവ്യക്തിയുടെ സ്വത്ത് മാത്രമേ വഖഫ് ആയി നല്‍കാൻ സാധിക്കൂ. വഖഫ് ആയി നൽകിയിട്ടുള്ള ഒരു വസ്‌തു സർക്കാർ ഭൂമിയാണോ എന്ന് തീരുമാനിക്കാൻ സർക്കാരിന് അധികാരം നൽകുന്നു. എന്തങ്കിലും തര്‍ക്കം ഉണ്ടായാല്‍ വഖഫ് ബോര്‍ഡ് അല്ല, കലക്‌ടറാകും അന്തിമ തീരുമാനം എടുക്കുക.
സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകളുടെ ഘടനയിൽ മാറ്റം വരുത്താനും ബിൽ നിർദേശിക്കുന്നു. ഒരു അമുസ്‌ലിം തലവനെ അനുവദിക്കണമെന്നും ബില്ലില്‍ ഉണ്ട്. കൂടാതെ സംസ്ഥാന വഖഫ് ബോർഡുകളിൽ കുറഞ്ഞത് രണ്ട് അമുസ്‌ലിം അംഗങ്ങളെങ്കിലും ഉണ്ടായിരിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് നൽകുന്നു.
ഭേദഗതിചെയ്ത ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ കക്ഷികൾ