IPLൽ പുത്തൻ താരദോയം:ഗെയ്ക്വാദ് ഉൾപ്പെടെ മൂന്ന് പേരെ വീഴ്ത്തി വിഘ്നേഷ് പുത്തൂർ

0

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പുത്തൻ താരദോയം. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങി ചെന്നൈ സൂപ്പർ കിംഗ്സിനെ ഞെട്ടിച്ചിരിക്കുകയാണ് മലയാളി പയ്യനായ മുംബൈ ഇന്ത്യൻസ് താരം വിഘ്നേഷ് പുത്തൂർ. ചെന്നൈ നായകൻ റിതുരാജ് ഗെയ്ക്വാദിനെയും അപകടകാരിയായ ശിവം ദുബെയെയും ദീപക് ഹൂഡയെയും വീഴ്ത്തിയാണ് വിഘ്നേഷ് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നത്. താരതമ്യേന കുറഞ്ഞ വിജയലക്ഷ്യമായ 156 റൺസിലേയ്ക്ക് ചെന്നൈ അനായാസം എത്തുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് നായകൻ സൂര്യകുമാർ യാദവ് വിഘ്നേഷ് എന്ന 24കാരനെ പന്തേൽപ്പിക്കുന്നത്. രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി, അതും ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ വിഘ്നേഷ് ആദ്യ ഓവറിൽ തന്നെ മുംബൈ ആരാധകരുടെ മനം കവർന്നു. പവർ പ്ലേയിൽ അപകടം വിതച്ച ചെന്നൈ നായകൻ റിതുരാജ് ഗെയ്ക്വാദിനെ വിഘ്നേഷ് കൂടാരം കയറ്റി. 22 പന്തിൽ അർധ സെഞ്ച്വറിയും കടന്ന് മുംബൈയെ വിറപ്പിച്ച ഗെയ്ക്വാദിന്റെ വിക്കറ്റ് അനിവാര്യമായിരുന്ന സമയത്താണ് വിഘ്നേഷ് പന്തെറിയാനെത്തിയത്. വിഘ്നേഷിനെ അതിർത്തി കടത്താനുള്ള ഗെയ്ക്വാദിന്റെ ശ്രമം പാളി. കൂറ്റനടിയ്ക്ക് ശ്രമിച്ച ഗെയ്ക്വാദിന്റെ ഇന്നിംഗ്സ് ബൌണ്ടറിയ്ക്ക് സമീപം വിൽ ജാക്സിന്റെ കൈകളിൽ ഒതുങ്ങി. ഐപിഎല്ലിൽ വിഘ്നേഷിന്റെ ആദ്യ ഇരയായി ഗെയ്ക്വാദ് മടങ്ങി. പിന്നാലെ ക്രീസിലെത്തി സിക്സർ പായിച്ച് നിലയുറപ്പിച്ച ശിവം ദുബെയെയും ദീപക് ഹൂഡയെയും മടക്കിയയച്ച് വിഘ്നേഷ് മുംബൈ ഇന്ത്യൻസിന്റെ വണ്ടർ ബോയി ആയി മാറുകയായിരുന്നു. 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് വിഘ്നേഷ് പുത്തൂരിനെ സ്വന്തമാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *