തകർന്ന സ്ഥലത്ത് ശിവജി മഹാരാജാവിൻ്റെ പുതിയ പ്രതിമ നിർമ്മിക്കുന്നതിന് ടെൻഡർ പ്രസിദ്ധീകരിച്ച് PWD
മുംബൈ : സിന്ധുദുർഗിലെ മാൽവനിൽ ഛത്രപതി ശിവജി മഹാരാജിൻ്റെ പുതിയ പ്രതിമയ്ക്ക് പുതിയ ടെൻഡർ പ്രസിദ്ധീകരിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്.പ്രതിമ തകർന്നു വീണു ഒരു മാസം തികയുന്നതിന്മുമ്പെയാണ് പി ഡബ്ല്യുഡിയുടെ കങ്കാവലി ഡിവിഷൻ ചൊവ്വാഴ്ച ടെൻഡർ പ്രസിദ്ധീകരിച്ചത് . ഇതിനായി സംസ്ഥാനം 20 കോടി രൂപ അനുവദിച്ചു. ഇനി ജാഗ്രത പാലിക്കാൻ പോകുകയാണെന്നും ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി മാതൃകയിലായിരിക്കും പുതിയ പ്രതിമ നിർമിക്കുകയെന്നും പുതിയത് 60 അടി ഉയരത്തിലായിരിക്കുമെന്നും കൺകവ്ലിയിലെ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അജയകുമാർ സർവഗോഡ് പറഞ്ഞു. ആറുമാസത്തിനകം പ്രതിമ നിർമാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ.
നാവികസേനാ ദിനത്തോടനുബന്ധിച്ച് 2023 ഡിസംബർ 4 നാണ് 35 അടി ഉയരമുണ്ടായിരുന്ന ശിവാജി മഹാരാജാവിൻ്റെ പ്രതിമ സിന്ധുദുർഗിലെ മാൽവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം ചെയ്തിരുന്നത്.. ഈ വർഷം ഓഗസ്റ്റ് 26-ന് അത് തകർന്ന് വീഴുകയും ചെയ്തു. സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും വലിയ നാണക്കേടുണ്ടാക്കിയ തകർച്ചയായിരുന്നു അത്. സംസ്ഥാന സർക്കാരിനെതിരെ നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നാരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വന്നു.
സംഭവത്തെത്തുടർന്ന്, തകർച്ചയുടെ കാരണങ്ങൾ അന്വേഷിക്കാനും , അഡീഷണൽ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി) മനീഷ മൈസ്കറിൻ്റെ നേതൃത്വത്തിൽ, ഛത്രപതി ശിവാജി മഹാരാജിൻ്റെ പ്രതിമയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാനും സംസ്ഥാന സർക്കാർ രണ്ട് കമ്മിറ്റികൾ പീകരിക്കുകയുണ്ടായി.
ഇവർ സമർപ്പിച്ച റിപ്പോർട്ടിന് ശേഷമാണ് പുതിയ പ്രതിമസ്ഥാപിക്കുന്നതിനുള്ള ടെൻഡർ പൊതുമരാമത്തുവകുപ്പ് പ്രസിദ്ധീകരിച്ചത്. പ്രതിമ തകർന്നതിനെത്തുടർന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പുതിയ പ്രതിമ നിർമിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്കായി നിരവധി ശിൽപികളുമായി ചർച്ച നടത്തിയിരുന്നു സംഭവത്തിൽ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു.