പുതിയ പാർലമെന്റ് മന്ദിരത്തിലെ ചോർച്ചയിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം

0

ദില്ലി : പുതിയ പാർലമെന്റ് മന്ദിരത്തിലെ ചോർച്ചയിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. മന്ദിരത്തിൻറെ സുരക്ഷ ഉറപ്പാക്കാൻ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് രണ്ട് മണിക്കൂർ മഴ പെയ്തപ്പോഴേക്കും പുതിയ പാർലമെന്റ് മന്ദിരം ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ വലിയ ചർച്ചയായിരുന്നു. 2600 കോടി രൂപ ചിലവിട്ട് നിർമ്മിച്ച മന്ദിരം 150 കൊല്ലമെങ്കിലും നിലനിൽക്കുമെന്നായിരുന്നു സർക്കാരിൻറെ അവകാശവാദം. എന്നാൽ ഉദ്ഘാടനം ചെയ്ത് ഒരു വർഷവും രണ്ട് മാസം പിന്നിടുമ്പോഴേക്കും ചോർച്ച തുടങ്ങിയത് അഴിമതിയുടെ വ്യക്തമായ തെളിവാണെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ വിമർശനം.

പുതിയ മന്ദിരം നരേന്ദ്രമോദിയുടെ അഹങ്കാരത്തിന്റെ മാളികയാണെന്നും തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എല്ലാം ചോരുകയാണെന്നും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര പരിഹസിച്ചു.
പാർലമെൻറ് മന്ദിരത്തിൻറെ നിർമ്മാണ ചുമതല ടാറ്റയ്ക്കായിരുന്നെങ്കിലും രൂപകല്പന ഗുജറാത്തിലെ ആർക്കിടെക്റ്റായ ബിമൽ പട്ടേലാണ് നടത്തിയത്.നരേന്ദ്ര മോദി ഗുജറാത്തിൽ അധികാരത്തിലിരിക്കെ ബിമൽ പട്ടേലിൻറെ കമ്പനിക്ക് പല കരാറുകളും കിട്ടിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ ഇക്കാര്യവും പ്രതിപക്ഷം ആയുധമാക്കുകയാണ്.സംഭവം അന്വേഷിക്കാൻ എല്ലാ പാർട്ടിയിലെയും എംപിമാരെ ഉൾപ്പെടുത്തി പ്രത്യേക സമിതിക്ക് രൂപം നൽകണമെന്നാണ് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ലോക്സഭ സ്പീക്കറോട് ആവശ്യപ്പെട്ടത്. ചോർച്ചയ്ക്കിടയാക്കിയ സാങ്കേതിക പ്രശ്നം പരിഹരിച്ചെന്ന ലോക്സഭ സെക്രട്ടറിയേറ്റിൻറെ വിശദീകരണം അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *