കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റ് പുതിയ മാര്‍പാപ്പ

0
Ap0d0EhPeJOHiQEy1lHKV1NpY8laiZIggo83Wh3E

വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്ത് കത്തോലിക്ക സഭ. കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെയാണ് പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സെന്റ്. പീറ്റേഴ്‌സ് ബസിലിക്കയിലെ ബാല്‍ക്കണിയിലെത്തിയാണ് പുതിയ മാര്‍പാപ്പയെ പ്രഖ്യാപിച്ചത്.

ലിയോ പതിനാലാമന്‍ എന്ന പേരായിരിക്കും നിയുക്ത മാര്‍പാപ്പ സ്വീകരിക്കുക. അമേരിക്കയിലെ ഷിക്കാഗോ സ്വദേശിയാണ് റോബര്‍ട്ട് പെര്‍വോസ്റ്റ്. കത്തോലിക്ക സഭാ ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ മാര്‍പാപ്പയാകുന്നത്. 30 വര്‍ഷത്തോളം ഒരു മിഷനറിയായി പ്രവര്‍ത്തിച്ച റോബര്‍ട്ട് പെര്‍വോസ്റ്റ് പെറുവില്‍ പിന്നീട് ആര്‍ച്ച് ബിഷപ്പായും പ്രവര്‍ത്തിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടരുന്ന ഒരു പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് റോബര്‍ട്ട് പെര്‍വോസ്റ്റ് കണക്കാക്കപ്പെടുന്നത്. 2014-ല്‍ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി കര്‍ദ്ദിനാള്‍ പെര്‍വോസ്റ്റിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിക്കുകയായിരുന്നു.

കുറച്ച് സമയം മുന്‍പ് പുതിയ മാര്‍പാപ്പയെ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് തിരഞ്ഞെടുത്തു എന്നതിന്റെ സൂചന നല്‍കികൊണ്ട് സിസ്റ്റീന്‍ ചാപ്പലില്‍ നിന്നും വെളുത്ത പുക ഉയര്‍ന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 133 കര്‍ദിനാള്‍മാര്‍ ചേര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്. ഏപ്രില്‍ 21ന് ഫ്രാന്‍സിസ് പാപ്പ അന്തരിച്ചതിന് പിന്നാലെയാണ് കത്തോലിക്ക സഭ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ ആരംഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *