എം ബിപിഎസ് നേതൃനിരയിലേക്ക് പുതു തലമുറ: കല്യാൺ- ഡോംബിവല്ലി മേഖലയ്ക്ക് പുതിയ സാരഥികൾ

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം കല്യാൺ ഡോംബിവല്ലി മേഖലയുടെ വാർഷിക സമ്മേളനം ലോക കേരള സഭാ അംഗം ടി.വി രതീഷ് ഉദ്ഘാടനം ചെയ്തു. ഡോംബിവ്‌ലി ,ബാജി പ്രഭു ചൗക്കിലെ( മോഡൽ ഇംഗ്ലീഷ് സ്കൂളിൽ വച്ചു നടന്ന സമ്മേളനത്തിൽ പ്രസിഡണ്ട് രജനി സത്യാനാഥ് അധ്യക്ഷത വഹിച്ചു. പുതു തലമുറയിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിനും സംസ്കാരിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും മലയാള ഭാഷാ പ്രചാരണ സംഘം മാതൃകാപരമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നതെന്ന് സമ്മേളനം അഭിപ്രയപ്പെട്ടു. കേന്ദ്രമലയാളോത്സവം നാടിൻ്റെയാകെ ഉത്സവമാക്കി മാറ്റാൻ കഴിഞ്ഞത് സംഘാടന മികവിന് ഉദാഹരണമാണെന്നും വിലയിരുത്തി. നിലവിലെ കമ്മറ്റിയുടെ കാലാവധി കഴിഞ്ഞതിനാൽ അജിഷ ദിലീപിനെ പ്രസിഡൻ്റായും അഭിനവ് ഹരീന്ദ്രനാഥിനെ സെക്രട്ടറിയായും ശശിധരനെ ഖജാൻജിയായും 20 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.
കേരളത്തിന് പുറത്ത് ജനിച്ചു വളർന്ന, പുതുതലമുറയിൽ നിന്നും ഒരാൾ മലയാളി സംഘടനയുടെ സാരഥ്യത്തിലേക്ക് വളരുന്നത് ഏറെ പ്രതീക്ഷകൾ നൽകുന്നുവെന്ന് സംഘാടകർ പറഞ്ഞു. വരും കാലങ്ങളിൽ മലയാളി സംഘടനകളെ മുന്നോട്ട് നയിക്കാൻ പുതുതലമുറയിൽ നിന്നും നേതൃത്വത്തെ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും മലയാള ഭാഷാ പ്രചാരണ സംഘം അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും സംഘാടകർ ചൂണ്ടിക്കാട്ടി.