ഗ്യാനേഷ് കുമാർ, സുഖ്ബീർ കുമാർ സന്ധു എന്നിവരെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി തിരഞ്ഞെടുത്തു
ന്യൂഡൽഹി: ഗ്യാനേഷ് കുമാർ, സുഖ്ബീർ കുമാർ സന്ധു എന്നിവരെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേക്കാണ് ഇവരെ നിർദ്ദേശിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ കക്ഷി നേതാവായ അധിർ രഞ്ജൻ ചൗധരിയാണ് ലോക്സഭയിൽ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.എന്നാൽ കേന്ദ്ര തീരുമാനത്തോട് പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രാഷ്‌ട്രപതി ദൗപതി മുർമുവാണ് ഇരുവരെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കുക. കേരള കേഡറിൽ നിന്നുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. സുഖ്ബീർ കുമാർ സന്ധു പഞ്ചാബ് കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ്.
ഇരുവരെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കുന്നതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും ഉണ്ടാകും. കമ്മീഷണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക നൽകിയില്ലെന്നും കേന്ദ്ര നിയമ മന്ത്രിയോട് ചുരുക്കപ്പട്ടിക ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നതായും കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയിൽ അധിർ രഞ്ജൻ ചൗധരിയും അംഗമായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചത്. രാജീവ് കുമാർ മാത്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് ശേഷിച്ചിരുന്നത്.
മൂന്നംഗ കമ്മീഷനിലെ മറ്റൊരു കമ്മീഷണറായ അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞ മാസം വിരമിച്ചിരുന്നു. അരുൺ ഗോയലിന്റെയും അനൂപ് ചന്ദ്ര പാണ്ഡെയുടെയും ഒഴിവുകളിലേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ഡിസംബറിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള നിയമം ഭേദഗതി ചെയ്തിരുന്നു. പ്രധാനമന്ത്രി, അദ്ദേഹം നിർദ്ദേശിക്കുന്ന കേന്ദ്ര മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്നിവരടങ്ങുന്ന സമിതി നിർദേശിക്കുന്ന വ്യക്തിയെ രാഷ്‌ട്രപതി മുഖ്യ കമ്മീഷണർറോ കമ്മീഷണറോ ആയി നിയമിക്കും എന്നതാണ് പുതിയ നിയമം. പ്രധാനമന്ത്രിയുടെ സമിതിക്ക് പരിഗണിക്കാൻ പേരുകൾ നൽകുന്നത് നിയമമന്ത്രിയും രണ്ട് കേന്ദ്രമന്ത്രിമാരും അടങ്ങുന്ന സെർച്ച് കമ്മിറ്റിയാണ്.