പുതിയ ഡാം നിർമ്മാണത്തിന് കേരളത്തിന് അനുമതി നൽകരുത്: കേന്ദ്രത്തിന് സ്റ്റാലിന്റെ കത്ത്
ചെന്നൈ: മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് നിർമ്മാണത്തിന് കേരളത്തിന് അനുമതി നൽകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് എം കെ സ്റ്റാലിൻ കത്തെഴുതി. സുപ്രീംകോടതി ഉത്തരവ് മറികടന്നുള്ളതാണ് സമാധാനത്തിന്റെ നീക്കം. കേരളം ഇതുമായി മുന്നോട്ട് പോയാൽ കോടതിയലക്ഷ്യം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
സുപ്രീം കോടതിയുടെ ഉത്തരവുകൾ ലംഘിച്ച് മുല്ലപ്പെരിയാറിൽ പുതിയഅണക്കെട്ട് നിർമിക്കുന്നതിനുള്ള പഠനം നടത്താനുള്ള കേരളത്തിന്‍റെ നിർദേശം കേന്ദ്ര സർക്കാർ പരിഗണിച്ചതിൽ ശക്തമായ എതിർപ്പാണ് തമിഴ്നാട് രേഖപ്പെടുത്തുന്നത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവിനായിരുന്നു സ്റ്റാലിന്റെ കത്ത്.
മേയ് 28 ന് ചേരുന്ന സമിതി യോഗത്തിൽ പുതിയ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട അജണ്ട ഉപേക്ഷിക്കുകയും ഭാവിയിൽ കേരളത്തിൽ നിന്ന് അത്തരം ഒരു നിർദ്ദേശവും ഏറ്റെടുക്കാതിരിക്കുകയും ചെയ്യണമെന്നുമാണ് തമിഴ്നാട് ഉന്നയിക്കുന്ന ആവശ്യം. നിലവിലുള്ള അണക്കെട്ട് എല്ലാ മേഖലകളിലും സുരക്ഷിതമാണെന്ന് വിവിധ വിദഗ്ധ സമിതികൾ പഠനത്തിലൂടെ കണ്ടെത്തുകയും 2006 ലും 2014 ലും സുപ്രീം കോടതി വിധിന്യായങ്ങളിലൂടെ അംഗീകരിക്കുകയും ചെയ്തതാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി