47 ബിരുദാനന്തര ബിരുദധാരികൾ, 8 എംബിഎക്കാർ, 69 ബിടെക്കുകാർ ; പാസിങ് ഔട്ട് പരേഡ് ഇന്ന്
മലപ്പുറം: ബിരുദാനന്തര ബിരുദധാരികൾ 47, എംബിഎക്കാർ എട്ട്, ബി-ടെക്കുകാർ 69, ബിഎഡ് ഒന്ന്, ബിരുദധാരികൾ 244. പരിശീലനം പൂര്‍ത്തിയാക്കിയ 475 പൊലീസ് കോൺസ്റ്റബിൾമാരിൽ ബഹുഭൂരിപക്ഷവും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർ. ശനിയാഴ്‌ച എംഎസ്‌പി പരേഡ് ഗ്രൗണ്ടിലാണ് പൗസിങ് ഔട്ട് പരേഡ്. രാവിലെ 8.30ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹെബ് സല്യൂട്ട് സ്വീകരിക്കും. എഡിജിപി എം ആർ അജിത് കുമാർ, അഡീഷണൽ ഐജി ജി ജയദേവ്, എംഎസ്‌പി കമാന്‍ഡന്റ് കെ വി സന്തോഷ് എന്നിവരും പങ്കെടുക്കും.
എംഎസ്‌പി ബറ്റാലിയനിൽനിന്ന് 277 പേരും കെഎപി ഒന്നാം ബറ്റാലിയന്റെ 198 പേരുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ആറ് കണ്ടീജന്റുകളിൽ 17 പ്ലറ്റൂണുകളായാണ് പരേഡ്. ടി വി മനുകൃഷ്ണ പരേഡ് നയിക്കും. അർജുൻ ബാൽ സെക്കൻഡ് ഇൻ കമാന്‍ഡറാകും. പതിവ് പരിശീലനത്തിനുപുറമെ അത്യാഹിതങ്ങൾ, പ്രകൃതിദുരന്തങ്ങൾ, പ്രകൃതിദുരന്ത നിവാരണം എന്നീ അവസരങ്ങളിൽ ചെയ്യേണ്ട പൊലീസ് ഡ്യൂട്ടിയെ കുറിച്ചുള്ള അവബോധവും പരിശീലന കാലയളവിൽ നൽകി. പരിശീലന കാലയളവിൽ വിവിധ വിഭാഗങ്ങളിൽ മികവ് പുലർത്തിയ സേനാംഗങ്ങൾക്ക് ഉപഹാരം നല്‍കും.