നിരാശയിൽ ജലോത്സാവപ്രേമികൾ
എടത്വ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബറിൽ നടത്തണമെന്നു വള്ളംകളി പ്രേമികളും, ചുണ്ടൻ വള്ളം സമിതികളും ആവശ്യപ്പെട്ടു.മുഖ്യധാരാ ക്ലബ്ബുകൾ ചാംപ്യൻസ് ലീഗ് മത്സരത്തിൽ അംഗത്വം ലഭിച്ചിട്ടുള്ള ചുണ്ടൻ വള്ളങ്ങളുടെ സമിതികളുമായി വളരെ നേരത്തെ തന്നെ ധാരണയിൽ ആകുകയും ക്ലബ്ബുകൾക്കു നല്ലൊരു ശതമാനം തുക കൈമാറുകയും ചെയ്തിരുന്നു.പരിശീലനത്തിനായി വള്ളം നീരണയൽ ചടങ്ങിനു തന്നെ പതിനായിരങ്ങളാണ് ചെലവഴിച്ചത്. ചാംപ്യൻസ് ലീഗ് മത്സരങ്ങൾ മുന്നിൽ കണ്ടായിരുന്നു ചുണ്ടൻ വള്ളം സമിതികൾ സഹകാരികളിൽ നിന്നും കരക്കാരുടെ പക്കൽ നിന്നും പിരിവെടുത്ത് ലക്ഷങ്ങൾ നൽകിയത്.
ഒരു മാസത്തിലധികം പരിശീലനവും നടത്തിയിരുന്നു. നെഹ്റു ട്രോഫി ജലോത്സവത്തിന് ഏതാനും ദിവസം മുൻപു തന്നെ പുന്നമടക്കായലിൽ ട്രാക്കിൽ ട്രയൽ നടത്തി ഓരോ ക്ലബ്ബുകൾക്കും തുഴഞ്ഞെടുക്കാൻ കഴിയുന്ന പരമാവധി കുറഞ്ഞ സമയം കണ്ടെത്തുകയും ആത്മവിശ്വാസം നേടുകയും ചെയ്തിരുന്നു.ഫൈനൽ മത്സരത്തിനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ദുരന്തമുണ്ടായത്.അതോടെ സിബിഎൽ ഉപേക്ഷിച്ചു കൊണ്ടുള്ള പ്രഖ്യാപനത്തിനൊപ്പം വള്ളം കളി മാറ്റിവച്ചതായ പ്രഖ്യാപനവും വന്നു.ഇതോടെ ക്ലബ്ബുകളുടെയും ചുണ്ടൻവള്ള സമിതികളുടെയും ആത്മവീര്യം തന്നെ നഷ്ടമായി.മത്സരം നടന്നെങ്കിൽ മാത്രമേ ക്ലബ്ബുകൾക്ക് ചുണ്ടൻവള്ള സമിതികളുമായി ഏർപ്പെട്ട ഉടമ്പടി പാലിക്കാൻ കഴിയൂ. സമിതികൾ നൽകിയ തുകയും അതിലധികവും ക്ലബ്ബുകൾ പരിശീലനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ചെലവഴിച്ചു കഴിഞ്ഞു.
മിക്ക ക്ലബ്ബുകളും ഭീമമായ കടത്തിലാണ്. വാങ്ങിയ തുക മടക്കി നൽകാനും കഴിയാത്ത അവസ്ഥയിലുമാണ്. ചുണ്ടൻവള്ള സമിതിയാകട്ടെ ഓരോ സീസണിലും ഭീമമായ തുക കണ്ടെത്താൻ കഴിയാതെ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്.ഇത് കൂടാതെ അപ്പർ കുട്ടനാട്ടിലെ ചുണ്ടൻവള്ള സമിതികൾ പുന്നമടയിലെ മത്സര ദിവസത്തിലേക്കു സ്വകാര്യ ബോട്ടുകളും വാഹനങ്ങളും വരെ അഡ്വാൻസ് നൽകി ബുക്ക് ചെയ്തിരുന്നു.ഈ സാഹചര്യത്തിൽ മത്സരം മാറ്റിവച്ചതോടെ ജലോത്സവ പ്രേമികൾ ഏറെ നിരാശയിലാണ്. അതുകൊണ്ടാണു ക്ലബ്ബുകളും ചുണ്ടൻവള്ള സമിതികളും ജലോത്സവ പ്രേമികളും സെപ്റ്റംബറിൽ തന്നെ നെഹ്റു ട്രോഫി നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നത്.വീയപുരം, പായിപ്പാട്, കാരിച്ചാൽ, ചെറുതന, നിരണം, തലവടി പ്രദേശങ്ങളിൽ കുട്ടനാടിന്റെ ഉത്സവമായ നെഹ്റു ട്രോഫി വള്ളംകളി മുടങ്ങിയതിൽ ഏറെ നിരാശയാണു സമ്മാനിച്ചിരിക്കുന്നത്.