നെഹ്റു ട്രോഫി: പള്ളാത്തുരുത്തിയുടേത് തടിത്തുഴയെന്ന് ആരോപണം; സംയുക്ത വിജയികളാക്കണമെന്ന് കുമരകം

0

 

കോട്ടയം∙  നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടനെ ജേതാക്കളായി പ്രഖ്യാപിച്ചത് ഒത്തുകളിയെന്ന് രണ്ടാംസ്ഥാനത്തെത്തിയ വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് കൈനകരി. ഇത്രയും ശക്തമായ ഫോട്ടോ ഫിനിഷ് മത്സരത്തിൽ സമയമെടുത്ത് വിഡിയോ നിരീക്ഷിച്ചു വിജയിയെ പ്രഖ്യാപിക്കുന്നതിനു പകരം ഫിനിഷിങ് കഴിഞ്ഞു വളരെപ്പെട്ടെന്ന് കാരിച്ചാൽ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഭാരവാഹി ജോബിൻ പറഞ്ഞു.

പള്ളാത്തുരുത്തി ക്ലബ് തടിത്തുഴ ഉപയോഗിച്ചാണ് തുഴഞ്ഞതെന്നു ജോബിൻ ആരോപിച്ചു. ഇതിനു തെളിവുണ്ട്. വിഡിയോയും ഫോട്ടോകളും കൈവശമുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയിൽ പനത്തുഴ ഉപയോഗിച്ചു മാത്രമേ തുഴയാവൂ എന്നാണു നിയമം. പള്ളാത്തുരുത്തിയിൽനിന്നു പണം വാങ്ങിയോ അല്ലെങ്കിൽ രാഷ്ട്രീയ സ്വാധീനത്താലോ നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി പരാതിക്കുനേരെ കണ്ണടയ്ക്കുകയാണ്. പള്ളാത്തുരുത്തിയെ മത്സരത്തിൽനിന്നു വിലക്കണം. വീയപുരം വള്ളം ഫിനിഷ് ചെയ്തതിനു തൊട്ടുപിന്നാലെ വള്ളത്തിൽ പൊലീസിന്റെ ബോട്ട് വന്നിടിച്ചു തുഴച്ചിൽകാരെല്ലാം വെള്ളത്തിൽ വീണിരുന്നു. അതു കഴിഞ്ഞ് പ്രതിഷേധമറിയിക്കാനായി സ്റ്റേജിൽ എത്തുമ്പോഴേക്കും സമ്മാന വിതരണം ഉൾപ്പെടെ കഴിഞ്ഞിരുന്നു. ഞങ്ങളുടെ പരാതി പോലും കേൾക്കാൻ സംഘാടകർ തയാറായില്ല. നെഹ്റു ട്രോഫിയുടെ നിയമാവലി കൃത്യമായി അനുസരിച്ചു വിധിനിർണയം നടത്തണമെന്നാണ് കൈനകരി ബോട്ട് ക്ലബ് ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് കലക്ടറുമായി ബോട്ട് ക്ലബ് അംഗങ്ങൾ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും ജോബി പറഞ്ഞു.

അതിനിടെ, മത്സരത്തിൽ അപാകമുണ്ടായെന്നു ചൂണ്ടിക്കാട്ടി, മൂന്നാംസ്ഥാനക്കാരായ നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബും പരാതിയുമായി കലക്ടറെ സമീപിച്ചു. ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ സ്റ്റാർട്ടിങ്ങിൽ പിഴവുണ്ടായെന്നും ഇത് നടുഭാഗത്തിന് ട്രോഫി നഷ്ടപ്പെടാൻ കാരണമായെന്നും കുമരകം ബോട്ട് ക്ലബ് ട്രഷറർ അരുൺ ശശിധരൻ പറഞ്ഞു. ഫൈനൽ‍ മത്സരത്തിന് ഒന്നാം ട്രാക്കിലായിരുന്നു നടുഭാഗം ചുണ്ടൻ. മൽസരം തുടങ്ങാൻ പോകുമ്പോൾ ട്രാക്കിൽ 100 മീറ്ററിനടുത്തായി ഒരു സ്പീഡ് ബോട്ട് ഉണ്ടായിരുന്നു. സംഘാടകരുടെ ബോട്ടായിരുന്നെന്നു പിന്നീട് അറിഞ്ഞു. ബോട്ട് ശ്രദ്ധയിൽപ്പെട്ടയുടൻ അതു മാറ്റണമെന്നും ഞങ്ങൾ മത്സരത്തിനു തയാറല്ലെന്നും തുഴ ഉയർത്തിക്കാട്ടി സംഘാടകരോടു പറയുമ്പോഴേക്കും മത്സരം തുടങ്ങാനുള്ള വെടിപൊട്ടി. ഇതു വള്ളത്തിന്റെ തുടക്കത്തെ ബാധിച്ചു. മറ്റു വള്ളങ്ങൾ അഞ്ചോ ആറോ തുഴയ്ക്കു മുന്നിലെത്തിയതിനു ശേഷമാണ് ഞങ്ങൾക്കു തുഴഞ്ഞു തുടങ്ങാനായത്. എന്നിട്ടും 0.345 സെക്കന്‍ഡ് മാത്രം പിന്നിലായി നടുഭാഗം മൂന്നാമതെത്തി. നല്ല തുടക്കം കിട്ടിയിരുന്നെങ്കിൽ ട്രോഫി നടുഭാഗം നേടിയേനെ. ഈ അപാകം കൊണ്ട് ഞങ്ങൾക്ക് ഒരു കപ്പാണ് നഷ്ടമായത്. നെഹ്റു ട്രോഫി പോലെയൊരു മത്സരത്തിൽ, പ്രത്യേകിച്ച് മൈക്രോ സെക്കൻഡുകൾക്ക് വിജയപരാജയങ്ങൾ ഉണ്ടാകുന്ന ഒരു ഫൈനലിൽ സ്റ്റാർട്ടിങ് ക്ലിയർ ആക്കിയിട്ടു വേണം മത്സരം തുടങ്ങാൻ. ഒന്നുകിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലെത്തിയവരെ സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയോ അല്ലെങ്കിൽ മത്സരഫലം റദ്ദാക്കുകയോ ചെയ്യണമെന്നാണ് കുമരകം ബോട്ട് ക്ലബ് ആവശ്യപ്പെടുന്നതെന്നും അരുൺ പറഞ്ഞു.

അതേസമയം, പരാതികളുമായി ബന്ധപ്പെട്ട് എന്ത് അന്വേഷണവും നേരിടാൻ തയാറാണെന്ന് ജേതാക്കളായ കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ് പ്രതികരിച്ചു. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എൻടിബിആർ വിധി നിർണയിച്ചതെന്ന് ബോട്ട് ക്ലബ് സെക്രട്ടറി സുനീർ പറഞ്ഞു. സിബിഎല്ലിൽ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിച്ചത്. വീണ്ടും പരിശോധിക്കുമ്പോൾ ഞങ്ങളുെട വിജയം കുറേക്കൂടി ആധികാരികമാകുമെന്നാണു വിശ്വസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരും വിളിപ്പിച്ചിട്ടില്ല. തടിത്തുഴയാണ് ഉപയോഗിച്ചതെന്ന ആരോപണം തെറ്റാണ്. പനംതുഴ തന്നെയാണ് ഉപയോഗിച്ചതെന്നും സുനീർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *