നെഹ്‌റു ട്രോഫി വള്ളംകളി

0
NEHRU TROFFI
ബിജു വിദ്യാധരൻ

കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തിൽ അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാ‍ൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ വളളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952 ഡിസംബർ 27 ന് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻ‌വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽ‌പ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി.

പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീർന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയിൽ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു. ഡൽ‌ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകൂന്ന നെഹ്‌റൂ ട്രോഫി. തുടക്കത്തിൽ പ്രൈം‌ മിനിസ്‌റ്റേഴ്സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂൺ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര്‌ നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി

ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ പ്രധാനമെങ്കിലും മറ്റുള്ളവയുമുണ്ട്. ഇരുട്ടുകുത്തി , വെപ്പ്, ചുരുളൻ, തെക്കനോടി എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കൾക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്.

നെഹുറുട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ വിജയങ്ങളുള്ള ചുണ്ടൻ കാരിച്ചാൽ ചുണ്ടനാണ്.രണ്ട് ഹാട്രിക്ക് ഉൾപ്പടെ 16 തവണയാണ് കാരിച്ചാൽ വിജയിച്ചത്.നെഹുറുട്രോഫിയിൽ ഏറ്റവും കൂടുതൽതവണ വിജയിച്ച ബോട്ട് ക്ലബ്ബ് രണ്ട് ഹാട്രിക്ക് ഉൾപ്പടെ 12 തവണ വിജയിച്ച യുണൈറ്റഡ് ബോട്ട് ക്ലബ്ബ് കൈനകരിയാണ്(യു.ബി.സി കൈനകരി).നെഹുറുട്രോഫി വള്ളംകളിയിലെ നിലവിലെ ഹാട്രിക്ക് ജേതാക്കൾ ഇപ്പോൾ തുടർച്ചയായി അഞ്ച് തവണ വിജയിച്ച് നിൽക്കുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ്(പി.ബി.സി പള്ളാതുരുത്തി).നെഹുറുട്രോഫി വള്ളംകളിയിലെ ഏറ്റവും വേഗതയേറിയ ചുണ്ടൻവള്ളമെന്ന നേട്ടം കാരിച്ചാൽ ചുണ്ടനാണ്. 2024 വള്ളംകളിയിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബാണ് 4.14.35 എന്ന ഈ നേട്ടം കാരിച്ചാൽ ചുണ്ടനിൽ നേടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *