നീറ്റ് യുജി: ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ വിദ്യാലയത്തിൽനിന്ന്; കണ്ടെത്തലുമായി സിബിഐ

0

ന്യൂഡൽഹി∙ 24 ലക്ഷത്തോളം വരുന്ന വിദ്യാർഥികളെ ആശങ്കയിലാക്കിയ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തിൽ നിന്നാണെന്ന് കണ്ടെത്തി. ഈ വിദ്യാലയത്തിലെ അധികൃതർക്ക് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.

നേരത്തേ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽനിന്ന് അറസ്റ്റിലായവർക്ക് ഇവരുമായി ബന്ധമുണ്ടോയെന്നും സിബിഐ പരിശോധിക്കുന്നുണ്ട്. ഹസാരിബാഗിലെ വിദ്യാലയത്തിൽനിന്ന് ചോർന്ന ചോദ്യപേപ്പർ തന്നെയാണ് ബിഹാറിലെ സംഘത്തിന് ലഭിച്ചതെന്നും സ്ഥിരീകരിച്ചു.

മേയ് 5ന് നടക്കാനിരുന്ന പരീക്ഷയുടെ 9 സെറ്റ് ചോദ്യ പേപ്പറുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി രണ്ടുദിവസം മുമ്പാണ് എസ്ബിഐയുടെ ശാഖയിൽ എത്തിയത്. അവിടെനിന്ന് പരീക്ഷാ കേന്ദ്രമായ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലേക്ക് 2 സെറ്റ് ചോദ്യ പേപ്പറുകൾ കൊണ്ടുപോയി. എന്നാൽ സ്‌കൂളിൽ എത്തുമ്പോഴേക്കും സീൽ പൊട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.

ജില്ലയിലെ മുഴുവൻ മെഡിക്കൽ പ്രവേശന പരീക്ഷയുടെയും കോ-ഓഡിനേറ്ററായിരുന്ന ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പൽ എഹ്‌സാനുൽ ഹഖ്, വൈസ് പ്രിൻസിപ്പലും എൻടിഎ നിരീക്ഷകനുമായ ഇംതിയാസ് ആലം, പ്രാദേശിക പത്രപ്രവർത്തകൻ ജമാലുദ്ദീൻ എന്നിവരെ ജൂൺ 29 ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറിൽനിന്ന് കത്തിയ നിലയിൽ കണ്ടെത്തിയ ചോദ്യപേപ്പറിൽ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലെ പേപ്പറിന്റെ അതേ കോഡ് ഉണ്ടായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഇതുവരെ 11 പേരാണ് അറസ്റ്റിലായത്.

ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് മൂന്ന് സാധ്യതയാണ് സിബിഐ കാണുന്നത്. 1. പേപ്പർ സൂക്ഷിച്ചിരുന്ന എസ്ബിഐ ശാഖയിൽ നിന്ന്. 2.എസ്ബിഐ ശാഖയിൽ നിന്ന് ഒയാസിസ് സ്കൂളിലേക്ക് പേപ്പർ മാറ്റുന്നതിനിടെ. 3.ഒയാസിസ് സ്കൂളിൽ പേപ്പർ എത്തിയ ശേഷം. ഈ മൂന്ന് സാധ്യതകളും സിബിഐ വിശദമായി  പരിശോധിക്കുന്നുണ്ട്.‌ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *