നീറ്റ് യുജി 2025:അടുത്ത മാസം രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും
ന്യുഡൽഹി :നീറ്റ് യുജി 2025-ലേക്കുള്ള ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവയുടെ സിലബസിന് അന്തിമരൂപമായി. ഇത് ഓണ്‍ലൈനില്‍ ലഭ്യമാണ്. അടുത്ത മാസം രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.2025ലെ ദേശീയ യോഗ്യത നിര്‍ണയ പ്രവേശന പരീക്ഷക്കുള്ള (യുജി) സിലബസ് ദേശീയ പരീക്ഷാ ഏജന്‍സി ഔദ്യോഗികമായി പുറത്ത് വിട്ടു. പരീക്ഷയ്ക്കുള്ള വെബ്‌സൈറ്റും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് neet.nta.nic.in എന്ന വെബ്‌സൈറ്റില്‍ എല്ലാ വിവരങ്ങളും ലഭ്യമാണ്.
ഈ പോര്‍ട്ടല്‍ വഴി വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷനും അപേക്ഷയും നല്‍കാനും സാധിക്കും. വിവരങ്ങള്‍ സംബന്ധിച്ച ബുള്ളറ്റിനും പരീക്ഷാകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രവേശന കാര്‍ഡും ഉത്തരസൂചികയും ഫലവും ഈ വെബ്സൈറ്റിലൂടെ തന്നെ അറിയാനാകും.ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ അണ്ടര്‍ഗ്രാജ്വേറ്റ് മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡാണ് (UGMEB) 2025 നീറ്റ് യുജിക്കുള്ള സിലബസിന് അന്തിമരൂപം നല്‍കിയിട്ടുള്ളത്. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി വിഷയങ്ങളാണ് സിലബസിലുള്ളത്. സിലബസ് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനായി ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് തയാറെടുപ്പിനായി ഇത് ഉപയോഗിക്കാം.
നീറ്റ് യുജി 2025 രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പ്രവേശനത്തിനായുള്ള പരീക്ഷയാണ്. ബിഡിഎസ്, ആയൂര്‍വേദ, വെറ്റിനറി, നഴ്‌സിങ്, ലൈഫ് സയന്‍സ് കോഴ്‌സുകളിലേക്ക് അടക്കം ഇത് വഴിയാണ് പ്രവേശനം നടത്തുന്നത്. 2025 മെയ് നാലിനാണ് പരീക്ഷ. അടുത്തമാസം മുതല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങും. കൃത്യമായ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.അടുത്ത അക്കാദമിക വര്‍ഷത്തേക്കുള്ള പഠന സാമഗ്രികള്‍ തയാറാക്കാന്‍ വിദ്യാര്‍ഥികളെ സിലബസ് സഹായിക്കുമെന്ന് എന്‍ടിഎ ചൂണ്ടിക്കാട്ടി. ഇനിയുള്ള അറിയിപ്പുകള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും വിദ്യാര്‍ഥികളോട് എന്‍ടിഎ നിര്‍ദേശിച്ചിട്ടുണ്ട്.നീറ്റ് യുജി രജിസ്‌ട്രേഷനും മറ്റ് സുപ്രധാന വിവരങ്ങളും പുതിയ പോര്‍ട്ടലില്‍ ലഭ്യമാണെന്ന് കരിയര്‍ കൗണ്‍സിലിങ് വിദഗ്ദ്ധന്‍ പ്രജിത് മിശ്ര പറഞ്ഞു. പരീക്ഷയുടെ തീയതിയും സമയവും, ഫലപ്രഖ്യാപന സമയം, പരീക്ഷാ കേന്ദ്രത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രവേശന കാര്‍ഡ് എന്നിവയുടെ വിവരങ്ങള്‍ ഉടന്‍ തന്നെ എന്‍ടിഎ പുറത്ത് വിടും.
2025ലെ നീറ്റ് യുജി പ്രവേശന പരീക്ഷയില്‍ 25 ലക്ഷത്തിലേറെ കുട്ടികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. സിലബസ് പ്രഖ്യാപനവും ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനവും പരീക്ഷാ പ്രക്രിയയിലെ സുപ്രധാന ചുവട് വയ്‌പാണ്. പുതിയ വിവരങ്ങള്‍ക്കും മറ്റ് നിര്‍ദേശങ്ങള്‍ക്കുമായി നിത്യവും വെബ്സൈറ്റ് സന്ദര്‍ശിക്കാനും നിര്‍ദേശമുണ്ട്.