നെടുമങ്ങാട് അമൃത ജ്വല്ലറിയിൽ മോഷണം നടത്തിയ കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: നെടുമങ്ങാട് അമൃത ജ്വല്ലറിയിൽ മോഷണം നടത്തിയ കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പിടിയിലായവരിൽ നാലുപേരും 15 വയസ്സിന് താഴെയുള്ളവരാണ്. ജ്വല്ലറി കുത്തിത്തുറന്ന് 25 പവനും ഒന്നരലക്ഷം രൂപയുമാണ് കവർന്നത്. കരിമഠം കോളനി കേന്ദ്രീകരിച്ചായിരുന്നു മോഷണസംഘം താമസിച്ചിരുന്നത്.
ജനുവരി 27 പുലർച്ചെയാണ് നെടുമങ്ങാട് സത്രം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അമൃത ജ്വല്ലറിയിൽ മോഷണം നടന്നത്. രാവിലെ 10 മണിയോടെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമ മോഷണ വിവരം അറിയുന്നത്. മൂന്ന് പേർ ചേർന്ന് പൂട്ട് അറുത്തുമാറ്റി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. നെടുമങ്ങാട് പോലീസെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.