ഇരട്ടസെഞ്ചറിക്കരികെ ഈശ്വരൻ (191) വീണു, സെഞ്ചറിക്കരികെ ജുറേലും (93); റെസ്റ്റ് ഓഫ് ഇന്ത്യ 416ന് പുറത്ത്, മുംബൈയ്ക്ക് 121 റൺസ് ലീഡ്

0

 

ലക്നൗ∙  ഇറാനി കപ്പിൽ അഭിമന്യു ഈശ്വരന്റെ ഇരട്ടസെഞ്ചറി നഷ്ടവും, ധ്രുവ് ജുറേലിന്റെ സെഞ്ചറി നഷ്ടവും ആകെത്തുകയിൽ ഇവരുടെ ടീമായ റെസ്റ്റ് ഓഫ് ഇന്ത്യയുടെ നഷ്ടം തന്നെയായി. സെഞ്ചറി കൂട്ടുകെട്ടുമായി റെസ്റ്റ് ഓഫ്‍ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചുകൊണ്ടിരിക്കെ ഇരുവരും പുറത്തായതോടെ കൂട്ടത്തകർച്ച നേരിട്ട റെസ്റ്റ് ഓഫ് ഇന്ത്യ, മുംബൈയ്‌ക്കെതിരായ മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ 416 റൺസിന് ഓൾഔട്ട്. 110 ഓവർ ബാറ്റു ചെയ്താണ് റെസ്റ്റ് ഓഫ് ഇന്ത്യ 416 റൺസെടുത്തത്. ഇതോടെ മുംബൈയ്‌ക്ക് ഒന്നാം ഇന്നിങ്സിൽ 121 റൺസിന്റെ നിർണായക ലീഡും ലഭിച്ചു.

ഒരു ഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 393 റൺസ് എന്ന നിലയിലായിരുന്ന റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്ക്, 23 റൺസിനിടെയാണ് അവസാന ആറു വിക്കറ്റുകൾ നഷ്ടമായത്. ഇതോടെ, ഒന്നാം ഇന്നിങ്സ് ലീഡ് നേടാനുള്ള സുവർണാവസരവും ടീം കളഞ്ഞ​ുകുളിച്ചു. അഭിമന്യു ഈശ്വരൻ (191), ധ്രുവ് ജുറേൽ (93), മാനവ് സുതർ (21 പന്തിൽ ആറ്),യഷ് ദയാൽ (അഞ്ച് പന്തിൽ ആറ്), പ്രസിദ്ധ് കൃഷ്ണ (0), മുകേഷ് കുമാർ (0) എന്നിവരാണ് 23 റൺസിനിടെ പുറത്തായ റെസ്റ്റ് ഓഫ് ഇന്ത്യ താരങ്ങൾ. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഷംസ് മുളാനി, തനുഷ് കൊട്ടിയൻ എന്നിവരാണ് റെസ്റ്റ് ഓഫ് ഇന്ത്യയെ തകർത്തത്.

ഇരട്ടസെഞ്ചറി ഉറപ്പിച്ച് മുന്നേറിയ അഭിമന്യു ഈശ്വരനെയും സെഞ്ചറി ഉറപ്പിച്ച് മുന്നേറിയ ധ്രുവ് ജുറേലിനെയും ഷംസ് മുളാനിയാണ് പുറത്താക്കിയത്. 292 പന്തിൽ 16 ഫോറും ഒരു സിക്സും സഹിതമാണ് അഭിമന്യു 191 റൺസെടുത്തത്. ജുറേലാകട്ടെ, 121 പന്തിൽ 13 ഫോറും ഒരു സിക്സും സഹിതം 93 റൺസുമെടുത്തു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് റെസ്റ്റ് ഓഫ് ഇന്ത്യയുടെ സ്കോർ ബോർഡിൽ എത്തിച്ചത് 165 റൺസ്!ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (27 പന്തിൽ 9), സായ് സുദർശൻ (79 പന്തിൽ 32), ദേവ്ദത്ത് പടിക്കൽ (31 പന്തിൽ 16), ഇഷാൻ കിഷൻ (60 പന്തിൽ 38) എന്നിവരാണ് റെസ്റ്റ് ഓഫ് ഇന്ത്യ നിരയിൽ പുറത്തായ മറ്റുള്ളവർ.

റെസ്റ്റ് ഓഫ് ഇന്ത്യയുടെ അവസാന മൂന്നു വിക്കറ്റുകൾ ഒറ്റ ഓവറിൽ വീഴ്ത്തിയ തനുഷ് കൊട്ടിയനാണ് അവരെ ചുരുട്ടിക്കെട്ടിയത്. തനുഷ് 27 ഓവറിൽ 101 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. സെഞ്ചറി കൂട്ടുകെട്ടുമായി റെസ്റ്റ് ഓഫ് ഇന്ത്യയെ താങ്ങിനിർത്തിയ അഭിമന്യു ഈശ്വരൻ, ധ്രുവ് ജുറേൽ എന്നിവരെ പുറത്താക്കി ഷംസ് മുളാനിയാണ് അവരെ കൂട്ടത്തകർച്ചയിലേക്ക് തള്ളിവിട്ടത്. പിന്നീട് മാനവ് സുതറിനെയും പുറത്താക്കിയത് മുളാനി തന്നെ. താരം 40 ഓവറിൽ 122 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മോഹിത് അവാസ്തിക്ക് രണ്ടും ജുനേദ് ഖാന് ഒരു വിക്കറ്റും ലഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *