മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: അജിത് പവാറിൻ്റെ എൻസിപി രണ്ടാം പട്ടിക പ്രഖ്യാപിച്ചു;
ഇന്നു രാവിലെ പാർട്ടിയിൽ ഔദ്യോഗികമായി ചേർന്ന സീഷൻ സിദ്ധിഖിക്ക് ബാന്ദ്ര ഈസ്റ്റ്
മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ ഏഴ് സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടികയിൽ 2 മുൻ ബിജെപി എംപിമാരും ഒരു സിറ്റിംഗ് എംഎൽഎയും ഉൾപ്പെടുന്നു. ഇന്ന് പ്രഖ്യാപിച്ചത് ഉൾപ്പടെ അവരുടെ മൊത്തം നാമനിർദ്ദേശങ്ങൾ 45 ആയി.
അന്തരിച്ച എൻസിപി നേതാവ് ബാബ സിദ്ദിഖിൻ്റെ മകൻ സീഷൻ സിദ്ദിഖ് ബാന്ദ്ര ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും. അണുശക്തിനഗറിൽ എൻസിപി നേതാവ് നവാബ് മാലിക്കിൻ്റെ മകൾ സന മാലിക് മത്സരിക്കും.
കോൺഗ്രസ് വിട്ട് ഫെബ്രുവരിയിലാണ് ബാബ സിദ്ദിഖ് എൻസിപിയിൽ ചേർന്നത്. ജൂലൈ 12ന് നടന്ന നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിനിടെ ക്രോസ് വോട്ട് ചെയ്‌തെന്ന ആരോപണം സീഷാനെതിരെ ഉയർന്നിരുന്നു . ഓഗസ്റ്റിൽ അദ്ദേഹം ബാന്ദ്രാ ഈസ്റ്റ് മണ്ഡലത്തിൽ എൻസിപി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ നയിച്ച ‘ജൻ സന്മാൻ യാത്ര’യിലും പങ്കെടുത്തു. അതേ മാസം തന്നെ കോൺഗ്രസ് അദ്ദേഹത്തെ ആറ് വർഷത്തേക്ക് പുറത്താക്കി.
ഇന്ന് രാവിലെയാണ് സീഷൻ സിദ്ധിഖി ഔദ്യോഗികമായി എൻസിപിയിൽ ചേർന്നത്. ആദിത്യ താക്കറേയുടെ ബന്ധുവായ വരുൺ സർദേശായിക്കെതിരെയാണ് സീഷാൻറെ മത്സരം.
അണുശക്തി നഗറിനെ രണ്ട് തവണ പ്രതിനിധീകരിച്ചിട്ടുള്ള പിതാവ് നവാബ് മാലിക് മകളെ നാമനിർദ്ദേശം ചെയ്യാൻ പാർട്ടി നേതൃത്വത്തോട് അഭ്യർത്ഥിച്ചിരുന്നു. സമാജ്‌വാദി പാർട്ടി നേതാവ് അബു അസിം ആസ്മിക്കെതിരെ മാൻഖുർദ്-ശിവാജി നഗർ മണ്ഡലത്തിൽ മത്സരിക്കാനാണ് നവാബ് മാലിക് പദ്ധതിയിടുന്നത്. ഭരണ സഖ്യകക്ഷിയായ ബി.ജെ.പിയുടെ എതിർപ്പിനെത്തുടർന്ന് എൻ.സി.പി അദ്ദേഹത്തെ ഔദ്യോഗിക സ്ഥാനാർത്ഥിയായി നിർത്താൻ വിസമ്മതിച്ചതിനാൽ അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സാധ്യത.
മദ്യപിച്ചു കാറോടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിയ പൂനയിലെ ‘പോർഷെ ക്രാഷ് ‘ കാർ അപകട സംഭവത്തിൽ ഇടപെട്ടെന്ന ആരോപണത്തിൽ വിമർശനം ഉയർന്നെങ്കിലും വഡ്ഗാവ് ഷെരി അസംബ്ലി മണ്ഡലത്തിൽ നിന്ന് സുനിൽ ടിംഗ്രെയുടെ സ്ഥാനാർത്ഥിത്വം പാർട്ടി വീണ്ടും സ്ഥിരീകരിച്ചു. കൂടാതെ, അടുത്തിടെ എൻസിപിയിലേക്ക് മാറിയ രണ്ട് തവണ ബിജെപി എംപിയായ സഞ്ജയ്കാക്ക പാട്ടീൽ തസ്ഗാവ്-കവാത്തെ മഹങ്കൽ അസംബ്ലി മണ്ഡലത്തിൽ നിന്ന് ടിക്കറ്റ് നേടി. മുൻ സംസ്ഥാന ആഭ്യന്തരമന്ത്രി ആർആർ പാട്ടീലിൻ്റെ മകൻ എൻസിപി (എസ്പി) സ്ഥാനാർഥി രോഹിത് പാട്ടീലിനെതിരെയാണ് അദ്ദേഹം മത്സരിക്കുക.