എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽനിന്ന് ഭരണഘടനയുടെ ആമുഖം ഒഴിവാക്കിയെന്ന്;രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം
ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽനിന്ന് ഭരണഘടനയുടെ ആമുഖം ഒഴിവാക്കിയെന്ന ആരോപണത്തിൽ രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം.ബി.ജെ.പി. സർക്കാർ ‘പരാജയപ്പെട്ടതിന്’ പിന്നാലെ മഹാത്മാഗാന്ധിയുടെയും ബാബാസാഹേബ് അംബേദ്കറുടെയും പ്രതിമകൾ മാറ്റിയതുപോലെ ഭരണഘടനയുടെ അന്തസ്സത്തയും നശിപ്പിക്കുന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
എന്നാൽ, ആമുഖം ഒഴിവാക്കിയിട്ടില്ലെന്നും ദേശീയഗാനവും മൗലികാവകാശവും മൗലിക ഉത്തരവാദിത്വവും അടക്കം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ മറുപടി നൽകി.ഭരണഘടന സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സഭാനേതാവും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നഡ്ഡയും പ്രതികരിച്ചു. ഖാർഗെയുടേത് ആശങ്ക മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യക്ഷൻ ജഗ്‍ദീപ് ധൻകർ സംസാരിക്കാൻ അനുവദിച്ചത്.
പാഠ്യപദ്ധതിയിൽ കൃത്രിമംകാണിച്ച് ആർ.എസ്.എസും ബി.ജെ.പി.യും തങ്ങളുടെ വർഗീയ പ്രത്യയശാസ്ത്രം ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും എൻ.സി.ഇ.ആർ.ടി.യുടെ നടപടി ശരിയല്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.പാഠപുസ്തകത്തിലെ മാറ്റങ്ങൾ കണ്ടിട്ടില്ലെങ്കിലും ഭരണഘടനയെ മാറ്റുന്ന പ്രശ്നമില്ലെന്ന് നഡ്ഡ തിരിച്ചടിച്ചു.ശൂന്യവേളയ്ക്കുശേഷമാണ് മന്ത്രി പ്രധാൻ ഖാർഗെക്ക് മറുപടി നൽകിയത്. താൻ താഴ്മയോടെ വസ്തുതകൾ സഭയിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പ്രധാൻ, ഇതുവരെ ഏഴാംക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സഭയെ അറിയിച്ചു. പണ്ട് ആമുഖം (പാഠപുസ്തകങ്ങളിൽ) ഉണ്ടായിരുന്നു എന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. ആറാംക്ലാസിലെ പുതിയ പാഠപുസ്തകങ്ങളിലും ആമുഖമുണ്ട്.