ബുൾഡോസറുമായി നായിഡു; വൈഎസ്ആർ കോൺഗ്രസിന്‍റെ ഓഫീസ് ഇടിച്ചു തകർത്തു
അമരാവതി: ആന്ധ്രാപ്രദേശിൽ തുറന്ന പോരുമായി മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു. അധികാരത്തിലേറിയതിനു പിന്നാലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്കും മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കുമെതിരേ ബുൾഡോസർ രാഷ്ട്രീയം പയറ്റുകയാണ് നായിഡു. ഗുണ്ടൂർ ജില്ലയിലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഓഫിസ് തകർത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഹൈക്കോടതി ഉത്തരവിന് പോലും വില കൽപ്പിക്കാതെയാണ് സർക്കാർ കെട്ടിടം ഇടിച്ചു നിരത്തിയതെന്ന് ജഗൻ മോഹൻ റെഡ്ഡി ആരോപിക്കുന്നു. ശനിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് അധികൃതർ വൈഎസ്ആർ കോൺഗ്രസിന്‍റെ ഓഫിസ് തകർത്തത്.
നായിഡു ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്നും ജഗൻ ആരോപിച്ചു. അനധികൃത നിർമാണം എന്നു ചൂണ്ടിക്കാട്ടി കാപ്പിറ്റൽ റീജിയൺ ഡെവലപ്മെന്‍റ് അഥോറിറ്റിയാണ് കെട്ടിടം പൊളിക്കാനുള്ള നീക്കം ആരംഭിച്ചത്. വെള്ളിയാഴ്ച ഇതിനെതിരേ വൈഎസ്ആർ കോൺഗ്രസ് പാർട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും ബുൾഡോസറുകൾ കൊണ്ട് കെട്ടിടം പൂർണമായി ഇടിച്ചു തകർക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപി ബിജെപി ജനസേനാ സഖ്യമാണ് അധികാരത്തിലേറിയിരിക്കുന്നത്. സർക്കാർ മാറിയതിനു പിന്നാലെ ജഗൻ മോഹന്‍റെ വീടിനു മുന്നിൽ സുരക്ഷാ ജീവനക്കാർക്കായി നിർമിച്ചിരുന്ന കെട്ടിടം പൊളിച്ചു നീക്കിയിരുന്നു. അതിനു പിന്നാലയാണ് പാർട്ടി ഓഫീസും പൊളിച്ചത്.