കടൽകൊള്ളക്കാർ തട്ടിയെടുത്ത ബോട്ട് മോചിപ്പിക്കാൻ നാവികസേനയുടെ രക്ഷാദൗത്യം
ന്യൂഡൽഹി: അറബിക്കടലിൽ വീണ്ടും രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന. കടൽകൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന ബോട്ട് മോചിപ്പിക്കാൻ ഇന്ത്യൻ നാവികസേന ശ്രമം ആരംഭിച്ചതായി ഇന്ത്യൻ നാവികസേനാ വക്താവ് അറിയിച്ചു. നാവികസേനയുടെ രണ്ട് കപ്പലുകൾ അറബിക്കടലിൽ വിന്യസിച്ചിട്ടുണ്ട്. ബോട്ടിൽ ആയുധധാരികളായ ഒൻപത് കടൽകൊള്ളക്കാർ ഉണ്ടെന്നാണ് നാവികസേനായുടെ നിഗമനം.യെമനിയൻ ദ്വീപായ സോകോത്രയുടെ തെക്ക് പടിഞ്ഞാർ ഭാഗത്ത് 90 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ഇറാനിയൻ ബോട്ട് തട്ടിയെടുക്കപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഇറാനിയൻ മത്സ്യബന്ധന ബോട്ടായ അൽ കമർ 786 ആണ് കടൽകൊള്ളക്കാർ തട്ടിയെടുത്തത്. ബോട്ടിലെ ജീവനക്കാർ പാകിസ്ഥാൻ സ്വദേശികളാണെന്ന് റിപ്പോർട്ട്.
മാരിടൈം സെക്യൂരിറ്റി ഓപ്പറേഷനുകൾക്കായി അറബിക്കടലിൽ വിന്യസിച്ചിരുന്ന രണ്ട് കപ്പലുകളാണ് ദൗത്യത്തിനായി ഇപ്പോൾ നിയോഗിച്ചിരിക്കുന്നതെന്ന് തട്ടിയെടുത്ത ബോട്ടിൻ്റെ ചിത്രം സഹിതം പങ്കുവെച്ചു ഇന്ത്യൻ നാവികസേനാ വക്താവ് അറിയിച്ചു. മത്സ്യബന്ധന ബോട്ടും അതിലെ ജീവനക്കാരെയും രക്ഷപ്പെടുത്താനുള്ള ദൗത്യം തുടരുകയാണെന്നും നാവികസേനാ വക്താവ് എക്സിലൂടെ അറിയിച്ചു.