നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ നടപടി പാർട്ടിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കി

കൊല്ലം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ പത്തനംതിട്ട, കോട്ടയം ജില്ലാ കമ്മിറ്റികളിലെ പ്രതിനിധികൾ. നവീൻ ബാബുവിനോടുളള ദിവ്യയുടെ നടപടി പാർട്ടിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കി. വിഷയം പാർട്ടി കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും പ്രതിനിധികൾ വിമർശിച്ചു. സംസ്ഥാന സമ്മേളനത്തിലാണ് പി പി ദിവ്യക്കെതിരെ വിമർശനവുമായി പ്രതിനിധികൾ രംഗത്തെത്തിയത്. നവീൻ ബാബു വിഷയത്തിൽ പത്തനംതിട്ട ജില്ല കമ്മിറ്റിക്ക് നേരെയും വിമർശനമുയർന്നു. തെറ്റുകളോട് സന്ധിചെയ്യുന്ന നിലപാടാണ് ജില്ല കമ്മിറ്റി സ്വീകരിച്ചതെന്നായിരുന്നു വിമർശനം.
നവീൻ ബാബു ജീവനൊടുക്കുന്നതിന് കാരണം ദിവ്യയുടെ പ്രസംഗമാണെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പി പി ദിവ്യ മാത്രമാണ് കേസിലെ ഏകെ പ്രതി. നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യ തന്നെയാണെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പ്രസംഗം തെളിവായും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദിവ്യക്ക് പുറമെ മറ്റാരെയും പ്രതിചേർക്കാനുള്ള തെളിവുകൾ ഇല്ല. ദിവ്യയുടെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു. അതേ സമയം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.