നവീൻ ബാബുവിന്റെ ആത്മഹത്യ: പി.പി.ദിവ്യയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും

0

കണ്ണൂർ∙  എഡിഎം കെ.നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച പരിഗണിക്കും. ഹർജിയിൽ കക്ഷിചേരാൻ നവീൻ ബാബുവിന്റെ കുടുംബം അപേക്ഷ നൽകി.നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ടതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയെ മാറ്റിയിരുന്നു. ദിവ്യയുടെ അറസ്റ്റ് ഒഴിവാക്കാൻ പൊലീസിൽ സമ്മർദം ശക്തമാണെന്നാണ് സൂചന. യാത്രയയപ്പ് യോഗത്തിൽ ദിവ്യ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് നവീൻ‌ ബാബു ആത്മഹത്യ ചെയ്തത്.

ജാമ്യമില്ലാ വകുപ്പിൽ കേസിൽപ്പെട്ട് 4 ദിവസം പിന്നിട്ടിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചിട്ടില്ല. എവിടെയാണെന്നു പൊലീസ് അന്വേഷിക്കുന്നുമില്ല. വകുപ്പുതല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീതയ്ക്കു മുന്നിൽ ഹാജരാകുന്നതിന് ദിവ്യയ്ക്കു സാവകാശം അനുവദിക്കുകയും ചെയ്തു. പൊലീസിനു ജാമ്യം നൽകാൻ വ്യവസ്ഥയില്ലാത്ത വകുപ്പു പ്രകാരമാണ് ദിവ്യയ്‌ക്കെതിരെ കേസ്. ഇത്തരം കേസുകളിൽ പ്രതി ചേർക്കപ്പെടുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണം. ദിവ്യ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തതു കൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന പൊലീസിന്റെ വാദത്തിനു നിയമത്തിന്റെ പിൻബലമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *