നവകേരള ബസിന്‍റെ ബംഗളൂരു സർവീസ് വിജയം: കെഎസ്ആർടിസി
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രനടത്തിയ ബസ് കെഎസ്ആർടിസി ഗരുഡ പ്രീമിയം സർവീസായി രൂപമാറ്റം വരുത്തിയതിന് ശേഷം വിജയകരമായി ബംഗളൂരു സർവീസ് നടത്തുകയാണെന്ന് കെഎസ്ആർടിസി. ബസ് നഷ്ടത്തിലാണെന്ന തരത്തിലുള്ള പ്രചരണങ്ങളെത്തിയതോടെയാണ് കെഎസ്ആർടിസി കണക്കകൾ പുറത്തുവിട്ടിരിക്കുന്നത്.
ഈ മാസം അഞ്ച് മുതൽ കോഴിക്കോട് നിന്നും ബംഗളുരുവിലേക്ക് ആരംഭിച്ച ഗരുഡ പ്രീമിയം സര്‍വീസിന് യാത്രക്കാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയും സഹകരണവും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. സര്‍വീസ് ആരംഭിച്ചതുമുതല്‍ കഴിഞ്ഞ ബുധനാഴ്ച വരെ ബസ് കിലോമീറ്ററിന് ശരാശരി 63.27 രൂപ നേടി. പൊതുവെ യാത്രക്കാര്‍ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതിദിനം കിലോമീറ്ററിന് 60.77 രൂപ മുതല്‍ 85.26 രൂപ വരെ കലക്ഷന്‍ നേടാനായിട്ടുണ്ട്.
ഇതിനോടകം 450 ല്‍ കൂടുതല്‍ യാത്രക്കാര്‍ ഗരുഡ പ്രീമിയം സര്‍വീസില്‍ യാത്ര ചെയ്തു കഴിഞ്ഞു. മേയ് 15 വരെയുള്ള കണക്കനുസരിച്ച് പ്രതിദിനം 46,000 രൂപയ്ക്ക് മുകളില്‍ വരുമാനം സര്‍വീസില്‍ നിന്നു ലഭിക്കുന്നുണ്ടെന്നും കോർപ്പറേഷൻ അറിയിച്ചു.