അതിശയിപ്പിക്കുന്ന ജീവിത നാടകങ്ങൾ.. ദേശീയ പുരസ്കാരം നിറവിൽ ആട്ടം
ദേശീയപുരസ്‌കാര വേദിയില്‍ അതിശയിപ്പിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം. മികച്ച സിനിമ, മികച്ച തിരക്കഥ ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് ആട്ടത്തിന് ലഭിച്ചിരിക്കുന്നത്. പ്രണയവും പകയും സദാചാരവും ഒക്കെ സംസാരിക്കുന്ന സിനിമ വ്യത്യസ്തമായ ആഖ്യാനശൈലിയിലൂടെയും അത് കൈകാര്യം ചെയ്യുന്ന സമകാലിക രാഷ്ട്രീയത്തിലൂടെയുമാണ് കയ്യടി നേടിയത്.
ആട്ടം സിനിമ റിവ്യൂ വായിക്കാം
ഏറെ സുരക്ഷിതമെന്ന് കരുത്തിയിരുന്ന ഇടം പെട്ടെന്ന് ഭയപ്പെടുത്തുന്ന, അറപ്പ് തോന്നിക്കുന്ന ഒന്നായി മാറിയാലോ? ഒറ്റക്കെട്ടെന്ന് വിചാരിച്ചവര്‍ ഞൊടിയിടയില്‍ തല്ലിപ്പിരിഞ്ഞാലോ?, അനുഭവിക്കുന്നവരുടെ അവസ്ഥ അതിഭീകരം തന്നെയാവും. ഒരു ശക്തമായ പ്രമേയത്തെ അതിമനോഹരമായ ഭാഷയില്‍ അവതരിപ്പിച്ച ആനന്ദ് ഏകര്‍ഷി ചിത്രം ‘ആട്ട’വും സംസാരിക്കുന്നത് ഇതുപോലൊന്ന് തന്നെ.
‘ അരങ്ങ് ‘ എന്ന നാടക ട്രൂപ്പിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന വിനയ് എന്ന കഥാപാത്രവും സെറിന്‍ ഷിഹാബ് അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രവും കലാഭവന്‍ ഷാജോണിന്റെ ഹരി എന്ന കഥാപാത്രവുമാണ് സംഘത്തിലെ പ്രധാന താരങ്ങള്‍. ഒരു ത്രില്ലര്‍ -ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണിത്.
വര്‍ഷങ്ങളായി നാടകം ജീവവായുവായി കൊണ്ടുനടക്കുന്ന സംഘത്തിലെ ഏറ്റവും ഒടുവിലത്തെ അംഗമാണ് സിനിമ നടന്‍ കൂടിയായ ഹരി. പക്ഷേ, അദ്ദേഹത്തിന്റെ ബന്ധങ്ങള്‍ വെച്ചും സിനിമ നടനെന്ന ഖ്യാതി കൊണ്ടും ഒരുപാട് ആരാധകരെ നേടിക്കൊണ്ട് സംഘത്തിലെ നിര്‍ണായക സാന്നിധ്യമായി ഹരി മാറുകയാണ്. ഹരിയും വിനയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയും തുടക്കം മുതലേ പ്രകടവുമാണ്.
സംഘത്തിന്റെ നാടകം കണ്ടു ഇഷ്ടപ്പെട്ട ഹരിയുടെ സുഹൃത്തുക്കള്‍ കൂടിയായ വിദേശ ദമ്പതികള്‍ തങ്ങളുടെ റിസോര്‍ട്ടില്‍ ഇവര്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കുകയാണ്. അന്ന് രാത്രി അവിടെ നടക്കുന്ന സംഭവവികസങ്ങളുമാണ് ചിത്രത്തിന്റെ അടിസ്ഥാനം. തുടര്‍ന്ന് ചിത്രം സംസാരിക്കുന്ന രാഷ്ട്രീയവും അത് പറയുന്ന ആഖ്യാന രീതിയും മികച്ചൊരു അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
അരങ്ങ് എന്ന നാടകട്രൂപ്പ്. 11 പുരുഷന്മാരും ഒരു നായികയുമാണുള്ളത്. അവള്‍ക്കുനേരെ ഒരു ക്രൈം ഉണ്ടാവുകയാണ്. ആരാണ് ചെയ്തതെന്ന് വ്യക്തമല്ലാത്തതുകൊണ്ട് പലപല അഭിപ്രായങ്ങള്‍ ഉയരുന്നു. അവളെ പിന്തുണച്ചവരും സംശയിച്ചവരും സദാചാരവാദികളും എല്ലാമുണ്ട്. തെളിവില്ലെന്നു പറഞ്ഞ് മാറിനിന്നവരുണ്ട്. പ്രശ്‌നത്തിന് പോവേണ്ട എന്നുകരുതി മാറിനിന്നവരുണ്ട്. അവളെ കുറ്റപ്പെടുത്തിയവരുണ്ട്. ഇവര്‍ക്കെല്ലാം മറുപടിയായി അവളൊരു നാടകം ഒരുക്കുകയാണ്. സത്യം തുറന്നു പറയുന്നയാളോട് എല്ലാവരും ഒരുപോലെ കുറ്റക്കാരാണെന്ന് പറയുന്നു. ഇത് നമ്മുടെ സമൂഹത്തോടാണ് സ്ത്രീ പറയുന്നത്.
ശരി തെറ്റുകള്‍കളെക്കുറിച്ച് ചിന്തിക്കാതെ മോഹനവാഗ്ദാനങ്ങളില്‍ ആകൃഷ്ടരാകുന്ന മനുഷ്യരെ ചിത്രം കാണിച്ച് തരുന്നുണ്ട്. ഒരു കാര്യത്തിലും കൃത്യമായ നിലപാടില്ലാതെ ഒഴുക്കിനൊപ്പം നീന്താന്‍ ശ്രമിക്കുന്നവരെയും എതിരെ നില്‍ക്കുന്നയാളെ ഒന്ന് മനസിലാക്കാതെ വിധി പ്രഖ്യാപിക്കുന്നവരെയും ചിത്രത്തില്‍ കാണാം. ഒന്‍പത് പുതുമുഖങ്ങളുടെ അരങ്ങേറ്റം കൂടിയാണ് ചിത്രം. പ്രധാന കഥാപാത്രങ്ങള്‍ എല്ലാം തങ്ങളുടെ വേഷം ഗംഭീരമാക്കി. ഗൗരവമേറിയ വിഷയം സംസാരിക്കുമ്പോഴും ഇടയ്ക്ക് നര്‍മ്മമുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്താനും സംവിധായനായി. ശക്തമായ തിരക്കഥ തന്നെയാണ് ‘ആട്ട’ത്തിന്റെ കാതല്‍.
പ്രണയവും പകയും സദാചാരവും ഒക്കെ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഒന്ന് വീഴുമ്പോള്‍ കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നവര്‍ തന്നെ മുഖം തിരിക്കുന്ന കാഴച എത്ര ഭയാനകമാണെന്നും ചിത്രം വരച്ചുകാട്ടുന്നു. പക്ഷം പിടിക്കാതെ ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രം ഒരുക്കിയ അണിയറപ്രവര്‍ത്തകര്‍ കൈയടികള്‍ അര്‍ഹിക്കുന്നുണ്ട്. കൂടെ മറ്റാരുമില്ലെങ്കിലും ഒരാളുടെയുള്ളിലെ കല ഒപ്പമുണ്ടാകുമെന്നും ചിത്രം പറയാന്‍ ശ്രമിക്കുന്നുണ്ട്. വ്യത്യസ്തരായ മനുഷ്യരുടെ ആശയങ്ങള്‍ തമ്മിലുള്ള യുദ്ധം കൂടിയാണ് ചിത്രം.