ഇന്ന് പ്രഥമ ദേശീയ ബഹിരാകാശ ദിനം
ദില്ലി : ഇന്ത്യയുടെ ചന്ദ്രയാന്‍-3 വിജയം ഓര്‍മ്മിപ്പിച്ച് പ്രഥമ ദേശീയ ബഹിരാകാശ ദിനം ഇന്ന്. ദില്ലിയിലെ ഭാരത് മണ്ഡപത്തിലാണ് ദേശീയ ബഹിരാകാശ ദിന ആഘോഷച്ചടങ്ങുകൾ നടക്കുക. രാഷ്ട്രപതി ദ്രൗപതി മുർമ്മു മുഖ്യാതിഥിയാകും. ഇന്ത്യ അയച്ച ചന്ദ്രയാൻ-3 ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ്‍ ലാൻഡിംഗ് നടത്തിയതിന്‍റെ സ്‌മരാണാര്‍ഥമാണ് ഈ വര്‍ഷം മുതല്‍ ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനം ഇന്ത്യ ആഘോഷിക്കുന്നത്.
കണ്ണുകള്‍ ഇസ്രൊയിലേക്ക്
ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങിയിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ എറ്റവും വലിയ സാങ്കേതിക നേട്ടത്തിന്‍റെ വാർഷികം ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുകയാണ് രാജ്യം. ഈയവസരത്തില്‍ ചന്ദ്രയാന്‍-3 ദൗത്യത്തിന്‍റെ വിജയഗാഥ വിശദമായി അറിയിക്കുകയാണ് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ശേഖരിച്ച മുഴുവൻ വിവരങ്ങളും ഐഎസ്ആര്‍ഒ ഇന്ന് ഔദ്യോഗികമായി പുറത്തുവിടും. പേടകത്തിലെ ശാസ്ത്ര പഠന ഉപകരണങ്ങൾ ശേഖരിച്ച വിവരങ്ങളും പുറത്തുവിടുമെന്നാണ് വിവരം. ഐഎസ്ആർഒയുടെ ഭാവി പദ്ധിതകളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
ഐഎസ്ആര്‍ഒയുടെ മൂന്നാം ചാന്ദ്ര ദൗത്യമായിരുന്നു ചന്ദ്രയാൻ-3. ഇസ്രൊ 2023 ജൂലൈ 14ന് സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 ഓഗസ്റ്റ് 23ന് വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയായിരുന്നു. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവും ഇതോടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്നോളം ഒരു രാജ്യത്തിന്‍റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്.