ദേശീയ നേതൃത്തം അംഗീകരിച്ചു: തോമസ് കെ തോമസ് NCP സംസ്ഥാന പ്രസിഡന്റ്

0
thomask thomas

മുംബൈ /തിരുവനന്തപുരം : എന്‍സിപി സംസ്ഥാന പ്രസിഡന്റായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ പ്രഖ്യാപിച്ചു . പിഎം സുരേഷ് ബാബുവും, സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ രാജന്‍ മാസ്റ്റര്‍ എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റ്മാരായും നിയമിച്ചു. പി സി ചാക്കോയുടെ രാജിക്ക് പിന്നാലെ ആണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. പിസി ചാക്കോ ദേശീയതലത്തിൽ വർക്കിംഗ് പ്രസിഡന്റാണ് .

തോമസ് കെ തോമസിനെ പിന്തുണച്ചു 14 ജില്ലാ പ്രസിഡന്റുമാര്‍ ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര യാഥാവിനു കത്തയച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. മന്ത്രി എ കെ ശശീന്ദ്രന്‍ ആണ് പിസി ചാക്കോ രാജി വച്ചതിനു പിന്നാലെ ശരത് പവാറിന് തോമസ് കെ തോമസിന്റെ പേര് നിര്‍ദേശിച്ചു കത്തയച്ചത്. കോണ്‍ഗ്രസില്‍ നിന്ന് എത്തിയ പിഎം സുരേഷ് ബാബുവിനെ അധ്യക്ഷന്‍ ആക്കണം എന്നായിരുന്നു പി സി ചാക്കോയുടെ ആഗ്രഹം. എന്നാല്‍ ശശീന്ദ്രന്‍ പക്ഷം അനുകൂലിച്ചിരുന്നില്ല. സംസ്ഥാന കൗണ്‍സില്‍ യോഗം വിളിപ്പിച്ച് ചാക്കോയെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ശശീന്ദ്രന്‍ വിഭാഗം. അതിനായി അവര്‍ ഒപ്പുശേഖരണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ചാക്കോ അപ്രതീക്ഷിതമായി രാജി സമര്‍പ്പിച്ചത്. ഇതോടെയാണ് തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷന്‍ ആക്കാനുള്ള ശശീന്ദ്രന്‍ വിഭാഗത്തിന്റെ ശ്രമം ഫലം കണ്ടത്.

‘മന്ത്രിമാറ്റ ചര്‍ച്ച ‘എന്ന വിഷയം വിട്ടുകളയാമെന്നും ഇനി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ചെയ്യുമെന്നും തോമസ് കെ തോമസ്സ്ഥാ പറഞ്ഞു. സ്ഥാനം ഏറ്റെടുക്കുന്നതില്‍ സന്തോഷമാണെന്നും തര്‍ക്കങ്ങള്‍ ഇല്ലാതെ പാര്‍ട്ടി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പറയത്തക്ക പ്രശ്‌നങ്ങളൊന്നും പാര്‍ട്ടിയില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകും – അദ്ദേഹം വ്യക്തമാക്കി. ഒരുപാട് പേര്‍ പുതിയതായി എന്‍സിപിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാറ്റ ചര്‍ച്ചയും മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള തോമസ് കെ തോമസിന്റെ അവകാശവാദവും പാര്‍ട്ടിയില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടാക്കിയിരുന്നു.

വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിലും കരുതലോടെ തോമസ് കെ തോമസിന്റെ മറുപടി നല്‍കി. വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ സമുന്നതനായ നേതാവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കുറവുകള്‍ ആയിരിക്കാം പറഞ്ഞതെന്നും തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.

കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് അത്തരം ചര്‍ച്ചകള്‍ ഒക്കെ മുന്നണിയില്‍ ആണ് ഉണ്ടാവുകയെന്ന് അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയെ ഉടനെ കാണുമെന്നും അദ്ദേഹം തന്നെ വിളിച്ചിരുന്നുവെന്നും വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *