സത്യപ്രതിജ്ഞയ്ക്ക് പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിൻ്റെ കാര്യം വെളിപ്പെടുത്തി നരേന്ദ്ര മോഡി

ന്യുഡൽഹി : സത്യപ്രതിജ്ഞയ്ക്ക് പാക്കിസ്ഥാന് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിനായുള്ള ശക്തമായ ശ്രമമാണ് താൻ നടത്തിയതെന്നാണ് മോദി വ്യക്തമാക്കിയത്. സമാധാനത്തിനാണ് പ്രധാന്യമെന്ന ശക്തമായ സന്ദേശം ലോകത്തിന് നൽകാനാണ് ശ്രമിച്ചതെന്നും മോദി തന്‍റെ രണ്ടാം പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. അമേരിക്കൻ പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാന്റെ പോഡ്‌കാസ്റ്റിൽ മൂന്നേകാൽ മണിക്കൂറോളം സംസാരിച്ച പ്രധാനമന്ത്രി, പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവും നടത്തി. ലോകത്ത് എവിടെ ഭീകരാക്രമണം ഉണ്ടായാലും അതിന്റെ വേര് നീളുന്നത് പാക്കിസ്ഥാനിലേക്കാണെന്നതടക്കമുള്ള വിമർശനമാണ് മോദി നടത്തിയത്.പാകിസ്ഥാനിൽ ഭീകരവാദം ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്നു. ഇന്ത്യയുമായി സഹകരിച്ചുപോകാൻ പാക്കിസ്ഥാൻ തയാറാകുന്നില്ല. ഇത് ആശയപരമല്ലെന്ന് വിമർശിച്ച മോദി, ഏത് ആശയമാണ് യുദ്ധത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുകയെന്നും പാകിസ്ഥാനോട് ചോദിച്ചു. ഈ ദുരന്തത്തിന്റെ ഇരകൾ ഇന്ത്യയിലെ ജനങ്ങളാണ്. കലാപത്തിന്റെ കേന്ദ്രമായി പാക്കിസ്ഥാൻ മാറുന്നത് ലോകത്തിന് മുഴുവൻ ഭീഷണിയാണെന്നും സെപ്റ്റംബർ 11 ഭീകരാക്രമണം അടക്കം പരാമർശിച്ചുകൊണ്ട് മോദി വിമർശിച്ചു. ഭരണകൂട പിന്തുണയുള്ള ഭീകരവാദം അവസാനിപ്പിക്കാൻ ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും ശത്രുതയിലൂടെയും ചതിയിലൂടെയും തടയുകയാണ് ചെയ്യപ്പെട്ടതെന്നും പ്രധാനമന്ത്രി വിവരിച്ചു