ഇന്ധന വിലയ്ക്കു പിന്നാലെ കർണാടകയിൽ പാൽ വിലയും വർധിപ്പിച്ചു
ബംഗളൂരു: ഇന്ധന വില വർധിപ്പിച്ചതിനു പിന്നാലെ കർണാടകയിൽ പാലിനും വില കൂട്ടി. കർണാടക മിൽക്ക് ഫെഡറേഷന്‍റെ നന്ദിനി പാൽ പാക്കറ്റിന് 2 രൂപ വീതമാണു വർധിപ്പിച്ചത്. അതേസമയം, അര ലിറ്റർ, ഒരു ലിറ്റർ പാക്കറ്റുകളിൽ 50 മില്ലി ലിറ്റർ പാൽ അധികമായി നൽകും. സംസ്ഥാനത്തെ പാൽ ഉത്പാദനം 15 ശതമാനം വർധിച്ചെന്നും അധികമുള്ള പാൽ ചെലവഴിക്കാനാണ് ഇപ്പോഴത്തെ നടപടിയെന്നും കർണാടക മിൽക്ക് ഫെഡറേഷൻ വിശദീകരിച്ചു.
വർധന ബുധനാഴ്ച പ്രാബല്യത്തിലാകും. സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് മൂന്നു രൂപയും ഡീസലിന് 3.50 രൂപയും വിൽപ്പന നികുതി വർധിപ്പിച്ച് ദിവസങ്ങൾക്കുള്ളിലാണു പാൽവില വർധന. എന്നാൽ, പാൽ വില ഉയർത്തിയതിനു സർക്കാരുമായി ബന്ധമില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. അതേസമയം, കുടിവെള്ളത്തിന്‍റെ നിരക്ക് വർധിപ്പിക്കാനും സർക്കാർ തയാറെടുക്കുകയാണ്. വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കഴിഞ്ഞ ദിവസം സൂചന നൽകി